പ്രണയ വിവാഹത്തിന് ക്വട്ടേഷൻ നൽകിയ കേസ്; ചേവായൂർ പൊലീസ് സ്റ്റേഷൻ മുറ്റത്ത് നാടകീയ സംഭവങ്ങൾ
text_fieldsകോഴിക്കോട്: പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ക്വട്ടേഷൻ നൽകി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെ ഏഴുപേരെയാണ് മെഡിക്കൽ കോളജ് അസിസ്റ്റൻറ് പൊലീസ് കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിൽ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 11ന് രാത്രി ഒമ്പതിന് വെള്ളിമാടുകുന്ന് വാപ്പോളിത്താഴം കയ്യാലത്തൊടി റിനീഷിനെ( 42) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തലക്കുളത്തൂർ കണ്ടംകയ്യിൽ വീട്ടിൽ അശ്വന്ത്(22), അന്നശ്ശേരി കണിയേരി മീത്തൽ അവിനാഷ്(21), തലക്കുളത്തൂർ പുലരിവീട്ടിൽ ബാലു പ്രണവ്(28), തലക്കുളത്തുർ നടുവിലക്കണ്ടി വീട്ടിൽ സുഭാഷ് ബെന്നി (39), തലക്കുളത്തൂർ സൗപർണിക വീട്ടിൽ അരുൺ (27), തലക്കുളത്തൂർ പാലോറ മൂട്ടിൽ അജിത, ഭർത്താവ് അനിരുദ്ധൻ എന്നിവർ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അനിരുദ്ധെൻറ മകൾ ജാനറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിനു പഠിച്ചുകൊണ്ടിരിക്കെ ബന്ധുകൂടിയായ സിംഗപ്പൂരിൽ ജോലിചെയ്യുന്ന യുവാവുമായി പ്രണയത്തിലായി. ബന്ധത്തെ അനിരുദ്ധനും ഭാര്യയും എതിർത്തെങ്കിലും യുവാവിനെ മൂന്നുവർഷം മുമ്പ് ജാനറ്റ് രഹസ്യമായി വിവാഹം ചെയ്തു. സിംഗപ്പൂരിൽനിന്ന് എത്തി യുവാവ് ജാനറ്റിനെ കൊണ്ടുപോവുകയും ചെയ്തു. വിവാഹത്തിന് യുവാവിന് പിന്തുണ നൽകിയത് സഹോദരി ഭർത്താവായ റിനീഷ് ആണെന്ന വിശ്വാസത്തിൽ കൊലപാതകത്തിന് അയൽവാസിയായ സുഭാഷ് ബെന്നിക്ക് രണ്ടര ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. തുക നൽകാൻ കേരള ഗ്രാമീണ ബാങ്കിൽ സ്വർണം പണയം വെച്ച് തങ്ങളുടെ കാര്യസ്ഥനായ മോഹനെൻറ സാന്നിധ്യത്തിൽ സുഭാഷ് ബെന്നിയെയും അരുണിനെയും ഏൽപിച്ചു.
ഡിസംബർ ഒന്നിന് റിനീഷിനെ പിന്തുടർന്ന് വരവുപോക്കുകൾ മനസ്സിലാക്കി ഡിസംബർ 11ന് രാത്രി കോവൂരിലെ തുണിക്കടപൂട്ടി വരവെ വീട്ടിനു സമീപത്തുവെച്ച് ആക്രമിക്കുകയായിരുന്നു. റിനീഷ് അല്ലേ എന്നു ചോദിച്ചശേഷം പരിചയഭാവം നടിച്ച് ഹെൽമറ്റ് അഴിക്കാൻ ആവശ്യപ്പെട്ട് കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ രക്ഷപെട്ടു. ഒളിവിൽ കഴിഞ്ഞ പ്രതികൾ പെരിന്തൽമണ്ണയിലും കൊച്ചിയിലും പൊള്ളാച്ചിയിലും താമസിച്ചു. കൈയിലുണ്ടായിരുന്ന പണം തീർന്നപ്പോൾ നാട്ടിലെത്തി ചേമഞ്ചേരിയിൽ ഒളിവിൽ താമസിക്കവെ പിന്തുടർന്ന പൊലീസ് പിടികൂടുകയായിരുന്നു. സംഘത്തിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അജിതയെയും അനിരുദ്ധനെയും പിടികൂടുകയായിരുന്നു. റിനീഷിനെ വധിക്കാൻ സുഭാഷ് മുഖാന്തരം ആലപ്പുഴയിലുള്ള സംഘത്തിന് ക്വട്ടേഷൻ നൽകി 25,000 രൂപ മുൻകൂർ നൽകിയിരുന്നു. വലിയ മറ്റൊരു ക്വട്ടേഷൻ ലഭിച്ചതിനാൽ സംഘം തിരിച്ചുപോയി. നാട്ടിലുള്ള മറ്റൊരു സംഘത്തിന് നൽകിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് അരുണിനും അശ്വന്തിനും അവിനാഷിനും നൽകിയത്. അന്വേഷണ സംഘത്തിൽ ചേവായൂർ പൊലീസ് ഇൻസ്െപക്ടർ ചന്ദ്രമോഹൻ, എസ്.ഐമാരായ എസ്. ഷാൻ, അഭിജിത്ത്, രഘുനാഥൻ, എ.എസ്.ഐ സജി. സി.പി.ഒമാരായ രാജീവ് പാലത്ത്, സുമേഷ് നന്മണ്ട, ശ്രീരാഗ്, പ്രസീത്, റോഷ്ണി, മഞ്ജരി എന്നിവരാണുണ്ടായിരുന്നത്.
ക്വട്ടേഷൻ സംഘങ്ങൾ സജീവമാകുന്നു –അസി.പൊലീസ് കമീഷണർ
വെള്ളിമാട്കുന്ന്: സംസ്ഥാനത്ത് ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കൂടിവരുകയാണെന്ന് മെഡിക്കൽ കോളജ് അസി. പൊലീസ് കമീഷണർ കെ. സുദർശൻ. വെള്ളിമാട്കുന്നിൽ ദുരഭിമാന കൊലപാതക ശ്രമത്തിൽ സ്ത്രീ ഉൾപ്പെടെ ഏഴംഗ സംഘം അറസ്റ്റിലായ സംഭവത്തിൽ ചേവായൂർ പൊലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ സഹോദരെൻറ പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ക്വട്ടേഷൻ നൽകി യുവാവിനെ വധിക്കാൻ ശ്രമിച്ചതിന് പല ക്വട്ടേഷൻ സംഘങ്ങളുടെയും സഹായം തേടിയതിെൻറ തെളിവുകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും കെ. സുദർശൻ പറഞ്ഞു. റിനീഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ അശ്വന്തും അവിനാഷും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും രണ്ടു സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും അസി.പൊലീസ് കമീഷണർ പറഞ്ഞു.
ചേവായൂർ പൊലീസ് സ്റ്റേഷൻ മുറ്റത്ത് നാടകീയ സംഭവങ്ങൾ
വെള്ളിമാട്കുന്ന്: ദുരഭിമാനകൊലപാതക ശ്രമകേസിലെ മുഴുവൻ പ്രതികളെയും രണ്ടാഴ്ചക്കുള്ളിൽ പിടികൂടിയ ചേവായൂർ പൊലീസ് സ്റ്റേഷൻ മുറ്റത്ത് വെള്ളിയാഴ്ച നാടകീയ സംഭവങ്ങൾ. മകളുടെ പ്രണയ വിവാഹത്തിന് ക്വട്ടേഷൻ നൽകിയ കേസിൽ പിടിയിലായ തലക്കുളത്തൂർ പാലോറ മൂട്ടിൽ അനിരുദ്ധൻ പൊലീസ് സ്റ്റേഷനിൽ ഏറെ സന്തോഷവാനായാണ് കാണപ്പെട്ടത്.
തെളിവെടുപ്പിന് കൊണ്ടുപോകാൻ പൊലീസ് വാഹനമായ ബസിൽ കയറിയശേഷം തിരിഞ്ഞുനിന്ന് ചിരിതൂകിയശേഷം പുറത്തുള്ളവർക്ക് കൈവീശി. വ്യാഴാഴ്ച രാത്രി പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ അനിരുദ്ധനും ഭാര്യ അജിതയും അസഭ്യവർഷം ചൊരിഞ്ഞിരുന്നു. നേരംവെളുക്കുംവരെയും കാത്തിരുന്ന പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളുടെ ഭാര്യ വെള്ളിയാഴ്ച രാവിലെയോടെ ചേവായൂർ സ്റ്റേഷനിൽ എത്തി. പൊലീസുമായി സംസാരിച്ച് തിരിച്ചിറങ്ങവെ മുറ്റത്തുനിന്ന് പൊട്ടിക്കരയുകയും ഉടനെ കുഴഞ്ഞുവീഴുകയും ചെയ്തു. ബന്ധുക്കൾ താങ്ങി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. റിനീഷിനെ ആക്രമിച്ച സ്ഥലത്തും കോവൂരിലെ കടക്കരികിലും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

