നവീകരിച്ച പാർക്കുകളുടെ പരിപാലനം സഹകരണ സ്ഥാപനങ്ങളെ ഏൽപിക്കാൻ ശ്രമം
text_fieldsമലാപ്പറമ്പ് കോർപറേഷൻ പാർക്ക്
കോഴിക്കോട്: നവീകരിച്ച പാർക്കുകളുടെ പരിപാലനം സഹകരണ സ്ഥാപനങ്ങളെ ഏൽപിക്കാൻ കോർപറേഷൻ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഏതാനും പാർക്കുകളിലേക്ക് സഹകരണ സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ ഉടനുണ്ടാവും. ബാങ്കുകൾ, ആശുപത്രികൾ, സൊസൈറ്റികൾ തുടങ്ങിയവപോലുള്ള സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു.
നേരത്തേ അമൃത് പദ്ധതിയിൽ നന്നാക്കിയ എട്ടു പാർക്കുകളുടെ പരിപാലനം സ്വകാര്യ ഏജൻസികൾക്ക് നൽകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അഞ്ചു വര്‍ഷത്തേക്ക് പരിപാലനത്തിന് സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനായിരുന്നു തീരുമാനം. മാനാഞ്ചിറ സ്ക്വയർ ഒഴികെയുള്ള പാർക്കുകൾ ഏറ്റെടുക്കാൻ കാര്യമായി ആരും മുന്നോട്ടുവരാത്തതാണ് പദ്ധതി പരാജയപ്പെടാൻ മുഖ്യ കാരണം. മാനാഞ്ചിറ സ്ക്വയറിന് വേണ്ടി മുന്നോട്ടുവന്ന കമ്പനിയുടെ പദ്ധതി അമിതമായ വാണിജ്യവത്കരണം സ്ക്വയറിന്‍റെ സ്വഭാവം മാറ്റിമറിക്കുമെന്ന ഭയം കാരണം മാറ്റിവെക്കുകയായിരുന്നു. കൂടുതൽ കിയോസ്കുകളും മറ്റും പദ്ധതിയിലുള്ളതിനാലാണ് ഇതിനെതിരെ ആശങ്കയുണ്ടായത്.
മാനാഞ്ചിറ മൈതാനത്ത് ഐസ്‌ക്രീം, പോപ് കോണ്‍, സ്നാക്സ് എന്നിവ വില്‍ക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കാനും ആറ് ഇലക്ട്രോണിക് ഹോള്‍ഡിങ്ങുകള്‍, അഞ്ച് ഡിജിറ്റല്‍ അഡ്വര്‍ട്ടൈസ്മെന്‍റ് ബോര്‍ഡ് എന്നിവയും സ്ഥാപിക്കാൻ അനുവദിക്കാമെന്നായിരുന്നു ആദ്യതീരുമാനം. കേന്ദ്ര സഹായത്തോടെയുള്ള അമൃത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച മാനാഞ്ചിറ മൈതാനം, പുതിയറ എസ്.കെ പാര്‍ക്ക്, വെസ്റ്റ്ഹിൽ ഗരുഡന്‍കുളം, എലത്തൂര്‍ ജെട്ടി പാര്‍ക്ക്, എരവത്തുകുന്ന്, തടമ്പാട്ടുതാഴം, മലാപ്പറമ്പ്, ചെറുവണ്ണൂര്‍ പാര്‍ക്കുകൾക്കാണ് നഗരസഭ പരിപാലകരെ തേടുന്നത്.
സഹകരണ സ്ഥാപനങ്ങൾക്ക് കച്ചവടതാൽപര്യങ്ങൾ കുറയുമെന്നതും അവർ സാമൂഹിക സേവനത്തിന് മാറ്റിവെക്കുന്ന ഫണ്ട് ഉപയോഗിക്കാമെന്നതും മേൻമയായി കോർപറേഷൻ കാണുന്നു. തയാറാവുന്ന സ്ഥാപനങ്ങൾക്ക് പാർക്കിൽ ഡിജിറ്റൽ പരസ്യമടക്കം വെക്കാനുള്ള അനുവാദമുണ്ടാവും. മാനാഞ്ചിറയിൽ ശുചിമുറിയടക്കമുള്ള 'ടേക് എ ബ്രേക്' കൗണ്ടർ നടത്തിപ്പ് കുടുംബശ്രീയെ ഏൽപിക്കാൻ ധാരണയായിരുന്നു. ഇതിനായുള്ള അപേക്ഷകൾ കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് ക്ഷണിച്ചുകഴിഞ്ഞു.
പാര്‍ക്കുകളുടെ സംരക്ഷണത്തിനാവശ്യമായ വരുമാനം പാര്‍ക്കില്‍ നിന്നുതന്നെ സ്വരൂപിക്കാമെന്ന വ്യവസ്ഥയിലായിരുന്നു നേരത്തേ സ്വകാര്യവ്യക്തികളുടെ അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചും വിനോദപരിപാടികള്‍ നടത്തിയും മറ്റും പണം ഈടാക്കാമെന്നായിരുന്നു ധാരണ.
പരിപാലകരെ തേടുന്നത് കോടികൾ ചെലവിട്ട പാർക്കുകൾക്ക്
മൊത്തം അഞ്ച് കോടിയോളം ചെലവിട്ട് പുതുക്കിപ്പണിത നഗരത്തിലെ പാർക്കുകളിലെല്ലാം മതിയായ പരിപാലനത്തിന് ആളില്ലാത്ത അവസ്ഥയാണ്. മിക്കതിലും കാവൽക്കാരില്ലാത്തതിനാൽ അനധികൃത പാർക്കിങ്ങും ചെടികളും മറ്റും കേടാക്കുന്നതുമെല്ലാം പതിവാണ്. സമീപവാസികളും കോർപറേഷൻ ജീവനക്കാരുമൊക്കെയാണ് ഇപ്പോൾ നോക്കിനടത്തുന്നത്.
മാനാഞ്ചിറ സ്ക്വയർ 85 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. എരവത്ത് കുന്നിൽ 1.31 കോടിയും ഗരുഡൻ കുളം പാർക്കിൽ 51 ലക്ഷവും പുതിയറ എസ്.കെ. പൊറ്റെക്കാട്ട് പാർക്കിൽ 37 ലക്ഷവും ചെറുവണ്ണൂരിൽ 48 ലക്ഷവും ചെലവിട്ടു. എരവത്ത് കുന്നിൽ പരിപാടികൾ നടത്താവുന്ന സ്ക്വയർ, വ്യായാമ ഉപകരണങ്ങൾ എന്നിവയുണ്ട്. എലത്തൂർ ജെട്ടി പാർക്കിൽ ബോട്ടിങ്, ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നിവക്ക് സൗകര്യമുണ്ട്. തടമ്പാട്ട് താഴം ഗാന്ധി പാർക്കിൽ വിപുലമായ സ്റ്റേജ് സൗകര്യമുണ്ട്.
വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിൽ സ്വിപ് ലൈൻ അടക്കമുള്ള സ്പോർട്സ് ഇനങ്ങൾക്ക് സൗകര്യമുണ്ട്. മലാപ്പറമ്പ് പാർക്ക്, ചെറുവണ്ണൂർ പാർക്ക് എന്നിവിടങ്ങളിലെല്ലാം ജനങ്ങൾക്ക് ഒത്തുകൂടാനുമുള്ള ഇടങ്ങളൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

