നാദാപുരത്ത് സദാചാര സംഘം വീടുകയറി ആക്രമിച്ചു; യുവാവിന് ഗുരുതര പരിക്ക്
text_fieldsസദാചാര സംഘത്തിന്റെ മർദനമേറ്റ വിശാഖ്
നാദാപുരം: വനിത സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പേരോട്ട് സദാചാര സംഘം അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. നാദാപുരം-പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിലാണ് അക്രമം അരങ്ങേറിയത്. 20ഓളം വരുന്ന ആക്രമിസംഘം മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ കൂത്തുപറമ്പ് ആയിക്കൽ മമ്പറം സ്വദേശി വിശാഖ് വിനയന് (29) ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ യുവതിയുടെ അയൽവാസി പേരോട് സ്വദേശി കിഴക്കെപറമ്പത്ത് മുഹമ്മദ് സാലിയെ (36) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. അടിയേറ്റ് കൈകാലുകൾ ഒടിയുകയും തലക്ക് ആഴത്തിൽ പരിക്കേൽക്കുകയും ചെയ്ത വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
യുവതിയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പേരറിയാവുന്ന ആറു പേർക്കെതിരെയും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും വധശ്രമം ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അക്രമം നടന്നത്.
യുവാവ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആക്രമിസംഘങ്ങളെ യുവതിയുടെ മാതാവ് ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇതേതുടർന്ന് ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയുമായിരുന്നുവെന്ന് യുവാവിന്റെ വനിത സുഹൃത്ത് പറഞ്ഞു.
ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെയും യുവതിയുടെയും ഫോണുകൾ ആക്രമിസംഘം കൊണ്ടുപോയതായി യുവതി പറഞ്ഞു. യുവാവിന്റെയും യുവതിയുടെയും ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഭയം കാരണം ആക്രമികളെ തടയാൻ ആരും മുതിർന്നില്ല.
രക്തം വാർന്ന് അതി ഗുരുതരാവസ്ഥയിലായ യുവാവിനെ വിവരമറിഞ്ഞെത്തിയ നാദാപുരം പൊലീസ് സംഘമാണ് നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചത്. ദേഹമാസകലവും തലക്കും ഗുരുതരമായി മുറിവേല്കുകയും ചെയ്ത വിശാഖിനെ രാത്രിതന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

