പണിമുടക്കി ഡോക്ടർമാർ തെരുവിൽ
text_fieldsഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനകൾ നഗരത്തിൽ നടത്തിയ സമരജാഥ
കോഴിക്കോട്: ഡോക്ടറെ മർദിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡോക്ടർമാർ തെരുവിലിറങ്ങി. ഫാത്തിമ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കോഴിക്കോട് ബ്രാഞ്ചിന്റെയും ഡോക്ടർമാരുടെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആശുപത്രിയും ഒ.പിയും ബഹിഷ്കരിച്ച് ഡോക്ടർമാരുടെ വൻനിര റോഡിലിറങ്ങിയത്.
ഫാത്തിമ ഹോസ്പിറ്റൽ പരിസരത്തുനിന്ന് നൂറു കണക്കിന് ഡോക്ടർമാരാണ് ജാഥയായി മാനാഞ്ചിറയും കമീഷണർ ഓഫിസും വലംവെച്ച് പബ്ലിക്ക് ലൈബ്രറിയുടെ മുന്നിലെ പന്തലിൽ എത്തിയത്. ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള അക്രമം തടയുക, പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കുക, ആശുപത്രി സുരക്ഷ നിയമം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എം.എ, കെ.ജി.എം.ഒ, കെ.ജി.എം.സി.ടി.എ, കെ.ജി.ഐ.എം.ഒ.എ, കെ.പി.എച്ച്.എ, ക്യൂ.പി.എം.പി.എ, എം.എസ്.എൻ, ജെ.ഡി.എൻ എന്നീ സംഘടനകളാണ് സമരത്തിനിറങ്ങിയത്.
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ബീച്ച് ആശുപത്രിയിൽ അത്യാഹിതവിഭാഗ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ടനിര
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. സുൽഫി ഉദ്ഘാടനം ചെയ്തു. ഡോക്ടർമാർക്കുനേരെ അടിക്കടി ഉയരുന്ന അക്രമങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസ് ഉദാസീനത കാണിക്കുന്നു. ഈ സമരം ഡോക്ടർമാർക്കു മാത്രമായല്ലെന്നും നാട്ടുകാർക്കുവേണ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സീനിയർ വൈസ് പ്രസിഡന്റ് ഡോ. രാജു ബൽറാം അധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്റ്, കെ.ജി.എം.ഒ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ്, കെ.ജി.എം.സി.ടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. നിർമൽ ഭാസ്കർ, ഐ.എം.എ ജില്ല സെക്രട്ടറി ഡോ. സന്ധ്യ കുറുപ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

