കക്കോടിയിൽ ഗാന്ധി സ്ക്വയറിനുനേരെ വീണ്ടും ആക്രമണം; ഗാന്ധിപ്രതിമയുടെ തല മുറിച്ചുമാറ്റി
text_fieldsകക്കോടി: തുടർച്ചയായി രണ്ടാം ദിവസവും കക്കോടി മോരിക്കരയിലെ ഗാന്ധി സ്ക്വയറിനുനേരെ ആക്രമണം. ശനിയാഴ്ച രാത്രി 11ഓടെയാണ് വീണ്ടും ആക്രമണം. സ്ക്വയറിലെ ഗാന്ധിപ്രതിമക്കുനേരെയാണ് ആക്രമണം നടന്നത്. സ്ക്വയറിൽ സ്ഥാപിച്ച പ്രതിമയുടെ തല അടിച്ചുതകർക്കുകയായിരുന്നു.
വെള്ളിയാഴ്ച അർധരാത്രി ഇവിടെ സ്ഥാപിച്ച മദർ തെരേസ അടക്കമുള്ള മഹാവ്യക്തികളുടെ ചിത്രങ്ങളുള്ള ബോർഡുകൾ നശിപ്പിച്ചിരുന്നു. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പൊലീസ് കാവലേർപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യം ആക്രമണമുണ്ടായതിനെ തുടർന്ന് പ്രദേശവാസിക്കെതിരെ സ്ക്വയർ സംരക്ഷണസമിതി ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രി വീണ്ടും ആക്രമണമുണ്ടായത്. പരാതി കൊടുത്തല്ലോ ഇനി ഏതായാലും പൊളിച്ചുതന്നെ കളയാമെന്ന് പരാതിക്കാരനെ വിളിച്ച് പ്രദേശവാസി പറഞ്ഞതായും പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ പങ്കാളികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.