എസ്.ഐ.ആർ മാപ്പിങ്ങിലെ പിഴവ്; ശരിയായ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയവരെ ഹിയറിങ്ങിൽനിന്ന് ഒഴിവാക്കും
text_fieldsഅത്തോളി: എസ്.ഐ.ആറിന്റെ ഭാഗമായി അത്തോളി വില്ലേജിൽ 197ാം ബൂത്തിൽ 775 പേർക്ക് ഹിയറിങ് നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾക്ക് പരിഹാരമായി. ബാലുശ്ശേരി ഇ.ആർ.ഒയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നേരത്തേ കൃത്യമായി ഫോറം പൂരിപ്പിച്ചു നൽകിയവരെ ഹിയറിങ് നടപടികളിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായത്.
197 നമ്പർ ബൂത്ത് ലെവൽ ഓഫിസർ നടത്തിയ എസ്.ഐ.ആർ മാപ്പിങ്ങിൽ ഉണ്ടായ പിഴവിനെതുടർന്നാണ് ഇത്രയധികം പേർക്ക് ഹിയറിങ് നോട്ടീസ് ലഭിച്ചത്. ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് നൽകിയ ആളുകൾക്ക് നോട്ടീസ് ലഭിച്ചത് വ്യാപകമായ പരാതികൾക്ക് ഇടയായിരുന്നു. ഇതേതുടർന്നാണ് അധികൃതർ ചർച്ചക്ക് തയാറായത്. ഈ വിഷയം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വോട്ടർമാർ നൽകിയ എസ്.ഐ.ആർ ഫോമിന്റെ അടിസ്ഥാനത്തിൽ എല്ലാവരുടെയും പേരുകൾ കരട് പട്ടികയിൽ ഉൾപ്പെടുത്തും. അപാകതയുള്ളവർക്കു മാത്രം അടുത്ത ദിവസങ്ങളിലായി ഹിയറിങ് നോട്ടീസ് നൽകും. ഇവർ മാത്രം രേഖകളുമായി ഹാജരായാൽ മതി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനും രേഖകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാനുമായി താലൂക്ക് ഓഫിസിൽനിന്ന് മൂന്നു ഉദ്യോഗസ്ഥരെ നിയമിക്കും.
അതേസമയം 197 നമ്പർ ബൂത്ത് ഒഴികെയുള്ള എല്ലാ ബൂത്തുകളിലെയും ഹിയറിങ് മുൻ നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് വില്ലേജ് അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്‌ണൻ മാസ്റ്റർ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

