തകർച്ചയിലായ കൂരയിൽ മക്കളുടെ ഉറക്കത്തിന് കാവലിരുന്ന് ഷിനി
text_fieldsനാലുസെൻറ് കോളനിയിലെ ഷിനിയുടെ വീട്
അത്തോളി: പ്രായപൂർത്തിയായ പെൺമക്കൾ പ്രാഥമികാവശ്യത്തിന് പോകുമ്പോൾ ശുചിമുറിക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് മാതാവ്. അത്തോളി ഗ്രാമപഞ്ചായത്തിലെ അരിയോന്നുകണ്ടി നാലുസെൻറ് കോളനിയിലെ ഷിനിയുടെ ദുരിതങ്ങൾ അതിശയോക്തിയായേ കേൾക്കുന്നവർക്ക് തോന്നൂ.
പ്ലാസ്റ്റിക് ഷീറ്റിട്ട മേൽക്കൂരയുള്ള വീട്ടിൽ പ്രായപൂർത്തിയായ രണ്ടു പെൺമക്കളുമായി കഴിയുന്ന ഷിനി ഉറങ്ങാൻ തുടങ്ങുക പുലർച്ചക്കാണ്. പിന്നെ എഴുന്നേൽക്കുക ഏഴരക്കോ എട്ടിനോ ആയിരിക്കും.
മഴക്കാലമായതിനാൽ ഏതു സമയത്തും വീട് തകരുമോ എന്ന പേടിയിൽ കാറ്റടിച്ചാലോ മഴ പെയ്താലോ വീടിെൻറ മുൻവശത്ത് വന്നിരിക്കും, അപകടം പറ്റിയാൽ മക്കളെ രക്ഷപ്പെടുത്താനുള്ള തയാറെടുപ്പിൽ.
30 വർഷത്തിലേറെയായി ഭർത്താവ് ഷൈജുവിെൻറ കുടുംബം കോളനിയിൽ താമസമാക്കിയിട്ട്. 18 വർഷം മുമ്പ് ഷിനി വിവാഹം കഴിഞ്ഞ് വന്നത് ഷെഡിലേക്കായിരുന്നു.
14 കുടുംബങ്ങളുള്ള കോളനിയിൽ ചിലർക്കെല്ലാം സർക്കാർ ആനുകൂല്യം ലഭിച്ചെങ്കിലും ഷൈജുവിെൻറ ഷെഡും സ്ഥലവും സാങ്കേതികക്കുരുക്ക് മറികടക്കാത്തതിനാൽ പടിക്കുപുറത്തായി. മൂന്നുവർഷം മുമ്പാണ് കട്ടയിൽ ഉയർത്തി പ്ലാസ്റ്റിക് ഷീറ്റിട്ടത്.
ഇടക്ക് മകൾക്ക് അസുഖമായതിനാൽ ചികിത്സയും വേണ്ടിവന്നതോടെ ഷീറ്റുപോലും മാറ്റാൻ കഴിഞ്ഞില്ല. റോഡിനോട് ചേർന്ന കോളനിയിലായതിനാൽ പ്രായപൂർത്തിയായ മക്കൾക്ക് പ്രാഥമികാവശ്യങ്ങൾക്ക് രാത്രിയും പകലും കാവൽ നിൽക്കാൻ ഷിനി വേണം. ഷെഡിനോടു ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് മറച്ചതാണ് ശുചിമുറി.
പഞ്ചായത്തിൽനിന്ന് 12,000 രൂപ ശുചിമുറിക്ക് പാസായതിൽ 3000 രൂപ അക്കൗണ്ടിലേക്ക് വന്നെങ്കിലും 1000 രൂപ ബാലൻസ് വേണമെന്നതിനാൽ 2000 രൂപ മാത്രമേ പിൻവലിക്കാനായുള്ളൂ. ഇതിന് അടിത്തറ കെട്ടി. ഇനി പണി പൂർത്തിയായാലേ ബാക്കി തുക ലഭിക്കൂവെന്ന് ഷിനി പറയുന്നു.
ആനുകൂല്യങ്ങൾ ലഭിക്കുമെന്നു കരുതി ഓഫിസുകൾ കയറിയിറങ്ങിയതാണ് വീട്ടുവേലക്കാരിയായ ഷിനിയുടെ ആയുസ്സിെൻറ മിച്ചം.
കൂലിപ്പണിക്കാരനായ ഷൈജുവിന് പണിയില്ലാതായതും വീടിന് ഷീറ്റിടാമെന്ന പ്രതീക്ഷ കെടുത്തി. പേടിയില്ലാതെ മക്കൾക്കൊപ്പം കിടന്നുറങ്ങാൻ ഒരു ഓടുമേഞ്ഞ വീടെങ്കിലും ലഭിക്കാനാണ് ഇപ്പോഴും സർക്കാർ ഓഫിസുകളും പഞ്ചായത്ത് ഓഫിസും കയറിയിറങ്ങുന്നത്.
മഴവെള്ളം മലയിൽനിന്ന് പാഞ്ഞെത്തുമ്പോൾ ഷിനിയുടെ മനസ്സിൽ കയറിക്കൂടുക അപകടങ്ങളുടെ ചിത്രങ്ങളാണ്. ഷീറ്റു വാങ്ങാൻ ഗതിയില്ലാത്ത തങ്ങളോട് സ്വന്തം പേരിൽ സ്ഥലം വാങ്ങിയാൽ വീടുവെക്കാൻ സർക്കാർ സഹായം ലഭ്യമാക്കാമെന്ന പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം പരിഹാസമായാണ് ഈ കുടുംബത്തിന് അനുഭവപ്പെടുന്നത്.
ധനസഹായത്തിന് ലിസ്റ്റിൽ കാലാകാലങ്ങളിൽ ഉൾപ്പെടുത്താറുണ്ടായിരുന്നുവെന്നും അവശ്യരേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുന്നതിനാൽ തള്ളിപ്പോവുകയായിരുന്നുവെന്നും സ്ഥലം അനുവദിക്കാനുള്ള വാർഡിലെ ലിസിറ്റിൽ ആദ്യ പേര് ഷിനിയുടേതാണെന്നും അത്തോളി ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഷീബ പറഞ്ഞു.