കായിക താരങ്ങളെ പീഡിപ്പിച്ച സംഭവം: സഹായിയായ സ്ത്രീ അറസ്റ്റിൽ
text_fieldsഷൈനി തോമസ്
താമരശ്ശേരി: കായിക താരങ്ങളെ അധ്യാപകന് പീഡിപ്പിച്ച കേസില്‍ സഹായിയായ സ്ത്രീയെ താമരശ്ശേരി െപാലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ വാരാംപ്ലാക്കൽ ഷൈനി തോമസിനെ (50) യാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 17 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ വീട്ടിൽ സൗകര്യമൊരുക്കി കൊടുത്ത് കായിക അധ്യാപകൻ മിനീഷിനെ സഹായിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കായിക വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ കോടഞ്ചേരി നെല്ലിപൊയിൽ വട്ടപ്പാറയിൽ വി.ടി. മിനീഷ്(41) നെ ജൂലൈ 23ന് താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസിൽ റിമാൻഡിലായ കായികാധ്യാപകന്
ട്രെയിനിങ്ങിനുപോയ പെണ്‍കുട്ടിയുടെ അമ്മയോട് ലൈംഗികാതിക്രമം കാണിച്ച സംഭവത്തിലും, കോടഞ്ചേരി സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനു പുറമെ മറ്റൊരു കായിക താരവും മോശമായി പെരുമാറിയെന്ന് കാണിച്ച് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
മറ്റൊരു പെണ്‍കുട്ടിയെ മർദിക്കുകയും പരിശീലനത്തിനിടയില്‍ തുടയെല്ലിന് ചവിട്ടുകയും സാരമായ പരിക്കേറ്റ വിദ്യാർഥിക്ക്, ചികിത്സപോലും നല്‍കിയില്ലെന്നും കാണിച്ചുള്ള വിദ്യാർഥിനിയുടെ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു. കുറ്റ്യാടി സ്വദേശിനിയായ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിക്കുകയും രക്ഷിതാവിനോട് മോശമായി പെരുമാറിയെന്നുമാണ് അവസാനമായി താമരശ്ശേരി പൊലീസിൽ കായികാധ്യാപകനെതിരെ നൽകിയ പരാതിയിൽ പറയുന്നത്.കൂടുതല്‍ വിദ്യാർഥിനികളെ ഇയാൾ പീഡിപ്പിച്ചതായും ശക്തമായ അന്വേഷണം നടത്തി ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇരകളുടെ രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

