‘നാട്ടുകാരൻ’ പോര് മുറുകുന്നു; സ്ഥാനാർഥിച്ചർച്ചകളിൽ തലപുകച്ച് മുന്നണികൾ
text_fieldsകൊടുവള്ളി: നിയമസഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, ജില്ലയിലെ വി.ഐ.പി മണ്ഡലങ്ങളിലൊന്നായ കൊടുവള്ളിയിൽ രാഷ്ട്രീയ ചിത്രം തെളിയുന്നു. പതിവ് രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം ‘പ്രാദേശിക വാദം’ ഇത്തവണ മണ്ഡലത്തിൽ ശക്തമായ ചർച്ചവിഷയമാണ്.
മണ്ഡലവുമായി അടുത്ത ബന്ധമുള്ള, ജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യനായ ഒരാൾ ജനപ്രതിനിധിയായി വരണമെന്ന വികാരം വോട്ടർമാർക്കിടയിൽ ശക്തമായതോടെ ഇടത്-വലത് മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ അതീവ ജാഗ്രതയിലാണ്.
1977 മുതൽ മുസ്‍ലിം ലീഗിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണെങ്കിലും രണ്ടുതവണ പിഴച്ച ചരിത്രം യു.ഡി.എഫിന് മുന്നിലുണ്ട്. 2006ൽ പി.ടി.എ. റഹീമിലൂടെയും 2016ൽ കാരാട്ട് റസാഖിലൂടെയും ഇടതുപക്ഷ സ്വതന്ത്രർ ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്തിയിരുന്നു. എന്നാൽ 2021ൽ ഡോ. എം.കെ. മുനീറിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടാക്കിയ വൻ മുന്നേറ്റം യു.ഡി.എഫിന് വലിയ പ്രതീക്ഷ നൽകുന്നു.
കൊടുവള്ളി നഗരസഭയും ഭൂരിഭാഗം പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് ഭരണത്തിലാണ്. ഏകദേശം 24,230 വോട്ടിന്റെ ലീഡ് തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിനുണ്ട്. ഈ ആധിപത്യം നിയമസഭയിലും തുടരാമെന്നാണ് മുന്നണി കണക്കുകൂട്ടുന്നത്. സ്ഥാനാർഥി ചർച്ചകളിൽ ഇരുമുന്നണികളിലും പ്രാദേശിക മുഖങ്ങൾക്കാണ് മുൻഗണന.
നിലവിലെ എം.എൽ.എ ഡോ. എം.കെ. മുനീർ ഇക്കുറി കൊടുവള്ളിയിൽ മത്സരിക്കാനില്ലെന്ന സൂചന നൽകിയതോടെ മുൻ എം.എൽ.എ വി.എം. ഉമ്മറിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. മണ്ഡലം നഷ്ടപ്പെടാതിരിക്കാൻ പരീക്ഷണങ്ങൾക്ക് മുതിരാതെ സുസമ്മതനായ നേതാവിനെ തന്നെ ഇറക്കാനാണ് ലീഗ് നീക്കം. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ പേരും ചർച്ചകളിൽ സജീവമാണ്.പി.ടി.എ. റഹീമിനെ വീണ്ടും കൊടുവള്ളിയിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹം കുന്ദമംഗലത്ത് തന്നെ തുടരാനാണ് താൽപ്പര്യപ്പെടുന്നത്.
അങ്ങനെയെങ്കിൽ ഒരു പൊതുസ്വതന്ത്രനെയാവും എൽ.ഡി.എഫ് രംഗത്തിറക്കുക. ആർ.ജെ.ഡി നേതാവ് സലിം മടവൂർ, വായോളി മുഹമ്മദ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. പി.കെ. ഫിറോസ് യു.ഡി.എഫ് സ്ഥാനാർത്ഥിയായാൽ ഫൈസൽകാരാട്ടിനെ എതിരാളിയാക്കാനും ആലോചനയുണ്ട്. മുൻ എം.എൽ.എ കാരാട്ട് റസാഖിനായി ഒരു വിഭാഗം പ്രവർത്തകർ ഇപ്പോഴും സമ്മർദ്ദം ചെലുത്തുന്നുണ്ട്.താമരശ്ശേരി, കൊടുവള്ളി, മുക്കം ഭാഗങ്ങളിലെ മലയോര ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നേതാക്കൾക്കാണ് എപ്പോഴും മുൻഗണന ലഭിച്ചിട്ടുള്ളത്. പുറത്തുനിന്നുള്ള പ്രമുഖരേക്കാൾ മണ്ഡലത്തിലെ പ്രശ്നങ്ങൾ അറിയുന്ന നാട്ടുകാരൻ വേണമെന്ന ആവശ്യം ഇത്തവണ ശക്തമാണ്.
മുന്നണികൾ ഔദ്യോഗിക ചർച്ചകളിലേക്ക് കടക്കുന്നതോടെ വരും ദിവസങ്ങളിൽ കൊടുവള്ളിയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകും. എങ്കിലും, പ്രാദേശിക വികാരത്തെ ആര് തൃപ്തിപ്പെടുത്തുന്നുവോ അവർക്കായിരിക്കും മണ്ഡലത്തിൽ മുൻതൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

