ഏഷ്യാനെറ്റ്: മുൻകൂർ ജാമ്യാപേക്ഷ നാളേക്ക് മാറ്റി
text_fieldsകോഴിക്കോട്: വ്യാജവാര്‍ത്ത നൽകിയെന്ന കേസിൽ ഏഷ്യാനെറ്റിലെ നാല് ജീവനക്കാര്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് (പോക്സോ) വെള്ളിയാഴ്ച പരിഗണിക്കും. പൊലീസ് റിപ്പോർട്ട് നൽകാൻ വേണ്ടിയാണ് കേസ് മാറ്റിയത്. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. സുനിൽ കുമാർ റിപ്പോർട്ടിനായി സമയമാവശ്യപ്പെടുകയായിരുന്നു. നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടില്ലാത്തതിനാൽ പൊലീസ് റിപ്പോർട്ട് പരിഗണിച്ചശേഷമാവും അപേക്ഷയിൽ തുടർനടപടികൾ.
ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍, ഷാജഹാന് കാളിയത്ത്, നൗഫല്‍ ബിന്‍ യൂസുഫ്, നീലി ആര്. നായര്‍ എന്നിവരാണ് അഡ്വ. പി.വി. ഹരി മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാര്‍ത്തയില്‍ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നാണ് പരാതി.

