Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതീരമണയാൻ മത്സരയോളം ...

തീരമണയാൻ മത്സരയോളം തീരമണയാൻ മത്സരയോളം

text_fields
bookmark_border
തീരമണയാൻ മത്സരയോളം    തീരമണയാൻ മത്സരയോളം
cancel
camera_alt

മുഹമ്മദ് റിയാസ് പി.വി. അൻവർ

ഹാഷിം എളമരം

കോഴിക്കോട്: സി.പി.എമ്മിന്‍റെ ചാവേറായിരുന്ന നിലമ്പൂർകാരൻ പി.വി. അൻവർ ബേപ്പൂരിൽ മത്സരിക്കാനെത്തിയത് ചില ലക്ഷ്യങ്ങളോടെയാണ്. ധർമടത്ത് പോയി പിണറായി വിജയനെ തോൽപിക്കുക അചിന്ത്യമാണ്. അപ്പോൾപിന്നെ പിണറായിസം അവസാനിപ്പിക്കാൻ മരുമകൻ മുഹമ്മദ് റിയാസിനെ തളക്കാൻ ‘നിയ്യത്ത്’ വെച്ചാണ് അൻവറിന്‍റെ രംഗപ്രവേശം. എം.എൽ.എ സ്ഥാനം രാജിവെച്ച് സി.പി.എമ്മിനെ മൊഴിചൊല്ലി യു.ഡി.എഫിലേക്ക് വഴിതുറക്കുകയും നിയമസഭ സീറ്റ് ചർച്ച തുടങ്ങുകയും ചെയ്തപ്പോൾ തന്നെ അൻവർ യു.ഡി.എഫ് നേതൃത്വവുമായി ബേപ്പൂരിന്‍റെ കാര്യത്തിൽ ധാരണയായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുൻപേ അൻവറിന് സ്വാഗതമോതി ബേപ്പൂരിൽ ബോർഡ് തൂക്കിയിരുന്നു.

മറുഭാഗത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28780 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷത്തിൽ അഡ്വ. പി.എം. നിയാസിനെ കെട്ടുകെട്ടിച്ച് എം.എൽ.എയും മന്ത്രിയുമായി സുപ്രധാന വകുപ്പുകൾ കൈയിലൊതുക്കി വാഴുകയായിരുന്ന മുഹമ്മദ് റിയാസ്, അടുത്ത ടേമിനായി എല്ലാം ഒരുക്കിവെച്ചിരുന്നു. മണ്ഡലത്തിലും ജില്ലയിലുമുള്ള ആര് എതിർ സ്ഥാനാർഥിയായാലും ഒരു ഭീഷണിയുമുയർത്താത്തവിധം കരുക്കൾനീക്കി കാത്തിരിക്കുമ്പോഴാണ് പി.വി. അൻവറിന്‍റെ കൊമ്പുകുലുക്കിയുള്ള വരവ്. ഇതോടെ തയാറാക്കിവെച്ച സ്ട്രാറ്റജിയെല്ലാം മാറ്റി ടീം റിയാസ് സടകുടഞ്ഞെഴുന്നേറ്റു. പ്രചാരണത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ റിയാസ് വീടുകളിലും തെരുവുകളിലും കളിമൈതാനങ്ങളിലും തൊഴിലിടങ്ങളിലും കാമ്പസുകളിലുമെന്നുവേണ്ട മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും സാന്നിധ്യം അറിയിക്കുന്നു.

മന്ത്രിയായിരിക്കെ തന്‍റെ വകുപ്പുകളിൽ ചെയ്യാൻ പറ്റുന്നതൊക്കെ മണ്ഡലത്തിനുവേണ്ടി ചെയ്തതിന്‍റെ വികസന പട്ടിക നിരത്തിയാണ് റിയാസിന്‍റെ പ്രചാരണം. ബേപ്പൂർ ഫെസ്റ്റ് ഉൾപ്പെടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ളതൊക്കെ റിയാസ് ചെയ്തുവെച്ചിരുന്നു. എന്നാൽ, പുറംമോടി വികസനമാണ് മണ്ഡലത്തിലുണ്ടായതെന്നും തീരമേഖല അവഗണനയിലാണെന്നും അൻവർ തിരിച്ചടിക്കുന്നു. എൽ.ഡി.എഫിന്‍റെ പരമ്പരാഗത കോട്ടയിൽ വിള്ളലുണ്ടാക്കാൻ അൻവറിന് സാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് റിയാസ് ക്യാമ്പ്. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ റിയാസ് ഉണ്ടാക്കിയെടുത്ത ജനകീയത വോട്ടായി മാറുമെന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. അതേസമയം, അൻവറിന്‍റെ സ്ഥാനാർഥിത്വം രാഷ്ട്രീയമായി യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. കോൺഗ്രസിൽനിന്നൊ ലീഗിൽനിന്നൊ ആര് മത്സരിച്ചാലും വിഭാഗീയതയും ഗ്രൂപിസവും നിറഞ്ഞാടുമെന്നതിനാൽ കെട്ടുറപ്പോടെ യു.ഡി.എഫ് ഇപ്പോൾ അൻവറിനൊപ്പമുണ്ട്. മുസ്ലിം ലീഗ് കേന്ദ്രങ്ങളും സജീവമാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ എം.കെ. രാഘവന് മണ്ഡലത്തിൽ 19520 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടെന്നതും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ലീഡ് 1340 വോട്ട് മാത്രമാണെന്നതും മണ്ഡലം മാറിചിന്തിക്കുന്നതിന്‍റെ ലക്ഷണങ്ങളാണെന്നും യു.ഡി.എഫ് കണക്കാക്കുന്നു. രാഷ്ട്രീയ, രാഷ്ട്രീയേതര വിഷയങ്ങൾ വിലയിരുത്തുമ്പോൾ മുൻതൂക്കം റിയാസിന് തന്നെയാണ്. പക്ഷേ, പാർട്ടിക്കുള്ളിലെ അടിയൊഴുക്കിലാണ് യു.ഡി.എഫിന്‍റെ പ്രതീക്ഷ. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബുവാണ് എൻ.ഡി.എ സ്ഥാനാർഥി. മണ്ഡലത്തിൽ 23000ഓളം വോട്ടുള്ള ബി.ജെ.പിക്ക് നില മെച്ചപ്പെടുത്തൽ അനിവാര്യമാണ്. ഏതായാലും എൽ.ഡി.എഫ് കോട്ടയിൽ ചൂടേറിയ മത്സരം നടക്കുന്നതിലെ ആവേശത്തിലാണ് വോട്ടർമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKozhikodeKerala Assembly Election 2026
News Summary - As long as the race to the shore
Next Story