തേങ്ങക്ക് വിലയുയർന്നപ്പോൾ തെങ്ങുകൾക്ക് വ്യാപക രോഗം
text_fieldsകോഴിക്കോട്: തേങ്ങക്ക് മികച്ച വില കിട്ടിത്തുടങ്ങിയപ്പോൾ ആശങ്ക തീർത്ത് തെങ്ങുകൾക്ക് വ്യാപകമായി രോഗം. നഗരത്തിൽ വെള്ളയിൽ, കോന്നാട്, തോപ്പയിൽ മേഖലയിലാണ് തെങ്ങുകളുടെ ഓലകൾ വ്യാപകമായി കരിഞ്ഞുണങ്ങുന്നത്. കാറ്റുവീഴ്ചയാണ് ഇതെന്നാണ് കരുതുന്നത്. കൃഷിവകുപ്പ് സ്ഥിരീകരണം വന്നിട്ടില്ല. തേങ്ങക്ക് വിലയില്ലാത്ത കാലത്ത് രോഗം കാര്യമായി ശ്രദ്ധിക്കാതെ കൃഷിക്കാർ അവഗണിക്കാറായിരുന്നു.
വൈറസ് അടക്കം വിവിധകാരണങ്ങൾ കൊണ്ട് രോഗം വരാമെന്നാണ് വിദഗ്ധർ പറയുന്നത്. ജില്ലയിൽ ഇതുവരെ കാറ്റുവീഴ്ച വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആലപ്പുഴ മേഖലയിൽ കാറ്റുവീഴ്ച വലിയ പ്രശ്നമായിരുന്നു. കോഴിക്കോട് ജില്ലയിൽ കാറ്റുവീഴ്ച വ്യാപകമല്ലെന്നാണ് വിലയിരുത്തൽ. പടർന്ന് പിടിക്കാൻ സാധ്യതയേറെയുള്ള രോഗമാണിത്. കടപ്പുറത്ത് കാറ്റ്വഴി പെട്ടെന്ന് പടരുന്നതായാണ് അനുമാനം.
രോഗം അധികരിച്ചാൽ തേങ്ങയുൽപ്പാദനം കുറയും. എന്നാൽ മണ്ഡരി ബാധപോലെ തേങ്ങകളിൽ പാടുകളും മറ്റും വരില്ല. ഓല മഞ്ഞളിച്ച് അരികുകൾ കരിഞ്ഞ് ഉണങ്ങുന്നതാണ് പ്രധാന ലക്ഷണം. കാറ്റുവീഴ്ചക്കെതിരെ മരുന്ന് തളിയും വളപ്രയോഗവുമാണ് സാധാരണയായി നിർദേശിക്കാറുള്ളതെന്ന് കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാണികളും മറ്റും കാരണമായുള്ളവയാണെങ്കിൽ മഴപെയ്താൽ രോഗം കുറയാറുണ്ട്.
തെക്കേപ്പുറം മേഖലയിൽ തെങ്ങുകൾക്ക് വ്യാപകമായി ഈ രോഗം 2018ൽ വന്നിരുന്നു. കോതി പാലത്തിനും വലിയങ്ങാടിക്കുമിടയിലുള്ള തെങ്ങുകൾക്കാണ് രോഗം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ മഴ കനത്തതോടെ മാറി. തെങ്ങ് കൃഷി വ്യാപകമായി ഇല്ലെങ്കിലും നഗരത്തിൽ മിക്ക വീടുകളിലും തെങ്ങുണ്ട്. തെങ്ങുകളിൽ മണ്ഡരി, തെങ്ങോല പുഴു, വെള്ളീച്ച, വേരു ചീയൽ തുടങ്ങിയവയെല്ലാം ഇടക്കിടെ കാണുന്നതായാണ് നാട്ടുകാരുടെ പരാതി.
ഓല വെളുത്ത് ഉണങ്ങിത്തീരുന്നു. കായ് ഫലവും കുറഞ്ഞിട്ടുണ്ട്. മണൽ പ്രദേശമായ ഇവിടെ വീടുകൾക്ക് ചുറ്റുമുള്ള തെങ്ങുകൾ കാര്യമായ ശുശ്രൂഷയില്ലാതെ നല്ല കായ്ഫലം തരുന്നവയാണ്. രോഗങ്ങൾ വ്യാപകമായതോടെ ഈ ഭാഗത്തെ തെങ്ങുകൾ തന്നെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തെങ്ങു രോഗത്തിന് പരിഹാരം കാണണമെന്നും മരുന്ന് തളിക്കാനും തെങ്ങുകൾക്കുള്ള നഷ്ടപരിഹാരം നൽകാനും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

