കള്ള് ഷാപ്പിലെ തർക്കം; പുതുപ്പാടിയിൽ ബി.ജെ.പി - സി.പി.എം സംഘർഷം
text_fieldsചിപ്പിലിതോട് ബിജുവിന്റെ
വീടിന്റെ ജനൽ ചില്ലുകൾ
തകർത്ത നിലയിൽ
പുതുപ്പാടി: കള്ളുഷാപ്പിലെ തർക്കത്തെ തുടർന്ന് പുതുപ്പാടിയിൽ ബി.ജെ.പി- സി.പി.എം സംഘർഷം. വെസ്റ്റ് കൈതപ്പൊയിലിലെ കള്ള് ഷാപ്പിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ബി.ജെ.പി പ്രവർത്തകർ ഷാപ്പിലിരുന്ന് മദ്യപിച്ച ശേഷം ഏറെ നേരം പാട്ടുപാടിയെന്നും ഇതു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഷാപ്പ് നടത്തിപ്പുകാരനും സി.പി.എം പ്രവർത്തകനുമായ അടിവാരം ചിപ്പിലിക്കോട് ബിജുവിനെ ആക്രമിച്ചുവെന്നും തുടർന്ന് ബിജുവിന്റെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് ബിജു പൊലീസിനോട് പറഞ്ഞത്.
ഷാപ്പിലെ കുപ്പികളും മേശയും ഉൾപ്പെടെ അടിച്ചുതകർത്തതായും പരാതിയുണ്ട്. ബിജുവിനുനേരെയുണ്ടായ ഭീഷണിയെ തുടർന്ന് അടിവാരത്തെ ഹോട്ടലിൽ അഭയം തേടിയതോടെ ഹോട്ടലിനു പുറത്തും ബി.ജെ.പി പ്രവർത്തകർ സംഘടിച്ചു. അതിനിടെ, സി.പി.എം പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ. ഷൈജലിനെയും ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ഷാമിൽ കൊടിയിലിനെയും ഒരു സംഘം അക്രമിച്ചു പരിക്കേൽപിച്ചു.
തുടർന്ന് നാട്ടുകാരും പൊലീസും ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. എന്നാൽ, രാത്രി ഒന്നരയോടെ ബി.ജെ.പി മണ്ഡലം ഭാരവാഹിയായ അടിവാരം പോത്തുണ്ടി മാളിക വീട് ശശിയുടെ വീടിനുനേരെ അക്രമം ഉണ്ടാവുകയും വീട്ടിൽ നിർത്തിയിട്ട കാറും ബൈക്കും അടിച്ചുതകർത്തു.
വീട്ടുപകരണങ്ങളും കേടുവരുത്തി. സംഘർഷത്തിനിടെ കാൽമുട്ടിന് പൊട്ടലേറ്റ സി.പി.എം പുതുപ്പാടി ലോക്കൽ സെക്രട്ടറി ഷൈജലും ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ശ്യാമിലും താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബി.ജെ.പി. മണ്ഡലം ഭാരവാഹി മാളിക വീട് ശശി, ഭാര്യ രത്നവല്ലി, മക്കളായ സനൂപ്, ശരൂപ്, സഹോദരീപുത്രൻ ജിജീഷ് ചന്ദ്രൻ എന്നിവർക്കും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

