'എനി ടൈം മണി' തട്ടിപ്പ്; 20 കേസും ജില്ല ക്രൈംബ്രാഞ്ചിന്
text_fieldsകോഴിക്കോട്: പാലാഴി കേന്ദ്രീകരിച്ച് ജില്ലയിൽ പ്രവർത്തിച്ച എനി ടൈം മണി (എ.ടി.എം) സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ജില്ല ക്രൈംബ്രാഞ്ചിന് (സി ബ്രാഞ്ച്) ഉടൻ കൈമാറും. പന്തീരാങ്കാവ് സ്റ്റേഷനിൽ 17ഉം പന്നിയങ്കരയടക്കം മറ്റു സ്റ്റേഷനുകളിൽ ഒന്നുവീതവും ഉൾപ്പെെട 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
പന്തീരാങ്കാവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ടുകോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്ന് ഇൻസ്പെക്ടർ ഗണേഷ് കുമാർ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാർ തന്നെയാണ് ഏറെയും പരാതികൾ നൽകിയത്. പത്തുലക്ഷം രൂപ മുതലാണ് പലർക്കും നഷ്ടമായത്. നിരവധി പേർ മറ്റു സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്. നിക്ഷേപം മുഴുവൻ കണ്ണൂരിലെ ഇവരുടെ മാതൃസ്ഥാപനമായ കണ്ണൂർ അർബൻ നിധി ലിമിറ്റഡിലേക്കാണ് പോയത്.
അവിടെ നിക്ഷേപിച്ചതിന്റെ സർട്ടിഫിക്കറ്റുകളാണ് എല്ലാവർക്കും നൽകിയത്. കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലും നിരവധി പേർ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാപനത്തിനെതിരെ ആദ്യ പരാതി ലഭിച്ചപ്പോൾ തന്നെ വൻ തട്ടിപ്പാണ് നടന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു.
ഇതോടെ തുടക്കത്തിൽ തന്നെ രജിസ്റ്റർചെയ്ത രണ്ടു കേസുകളും ജില്ല ക്രൈംബ്രാഞ്ചിന് വിട്ട് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണ ഉത്തരവിറക്കി. പിന്നാലെയാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവയും ഉടൻ ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
ആദ്യ രണ്ടുകേസുകളിലെ പരാതിക്കാരുടെ മൊഴി അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള ജില്ല ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുകേസുകളിലും ഉടൻ മൊഴിയെടുക്കും. മണി ട്രാൻസ്ഫർ, സ്വൈപ് മെഷീൻ ഇടപാട് എന്നീ മേഖലകളിലാണ് കമ്പനി പ്രവർത്തിച്ചത്.
അതേസമയം, സ്വകാര്യ വ്യക്തികൾക്ക് നേരിട്ട് പണം കടംകൊടുക്കുന്ന രീതിയിൽ സ്ഥാപനം പ്രവർത്തിച്ചിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. അതിനാൽ തന്നെ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിന് രൂപ ഏതുവഴിക്കാണ് പോയതെന്ന് ആർക്കും വ്യക്തമല്ല. കേസുകളിൽ ആദ്യം അന്വേഷണം നടത്തിയ പന്തീരാങ്കാവ് പൊലീസ് പാലാഴിയിലെ എനിടൈം മണിയുടെ മൂന്നുനില ഓഫിസ് സീൽ ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് മുതൽ സ്ഥാപനം പ്രവർത്തിച്ചിരുന്നില്ല. കോഴിക്കോട്ടെ കേസുകളിൽ പ്രതിചേർക്കപ്പെട്ട കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍ തൃശ്ശൂർ വരവൂർ സ്വദേശി കുന്നത്ത്പീടികയിൽ കെ.എം. ഗഫൂര്‍, എനി ടൈം മണി ഡയറക്ടര്‍ മലപ്പുറം ചങ്ങരംകുളം സ്വദേശി മേലേപ്പാട്ട് ഷൗക്കത്ത് അലി എന്നിവര്‍ നേരത്തേ കണ്ണൂരിലെ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
മറ്റൊരു പ്രതിയും അർബൻ നിധി ലിമിറ്റഡ് അസി. ജനറല്‍ മാനേജറുമായിരുന്ന കണ്ണൂർ ആദികലായി വട്ടംകുളത്തെ സി.വി. ജീന പിന്നീട് കോടതിയിലും കീഴടങ്ങി. എനി ടൈം മണി മാനേജിങ് ഡയറക്ടര്‍ ആന്റണി സണ്ണിയടക്കമുള്ളവരാണ് ഇനി പിടിയിലാവാനുള്ളത്. ഒളിവിലുള്ള ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
തട്ടിയത് കോടികൾ; ഇരകളിലേറെയും സ്വന്തം ജീവനക്കാർ
കോഴിക്കോട്: കണ്ണൂർ അർബൻ നിധി ലിമിറ്റഡിന്റെ (കെ.യു.എൻ.എൽ) അനുബന്ധ സ്ഥാപനമായി പാലാഴിയിൽ തുടങ്ങിയ എനി ടൈം മണി (എ.ടി.എം) തട്ടിയത് കോടിക്കണക്കിന് രൂപയെന്ന് പൊലീസും ജീവനക്കാരും. നിലവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത 20 കേസുകളിൽ രണ്ടുകോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയതെങ്കിലും നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്.
മാത്രമല്ല, പലരും മാനഹാനി ഭയന്ന് കേസാക്കിയിട്ടുമില്ല. സ്ഥാപനത്തിന്റെ തട്ടിപ്പിൽ വഞ്ചിതരായതിലേറെയും സ്വന്തം ജീവനക്കാരാണ് എന്നതാണ് വസ്തുത. 2021 ജൂണിലാണ് എ.ടി.എം പാലാഴിയിൽ പ്രവർത്തനം തുടങ്ങുന്നത്. അരലക്ഷവും അതിലധികവും ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു യുവതീയുവാക്കളെ നിയമിച്ചത്.
മൂന്നുമാസത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ നിക്ഷേപം നടത്തണമെന്നായിരുന്നു കമ്പനി ഇവരോട് ആവശ്യപ്പെട്ടത്. ജീവനക്കാർ നിക്ഷേപിക്കുന്ന തുകക്ക് ഒമ്പതു ശതമാനം വീതം പലിശയും സ്ഥാപനം വാഗ്ദാനം ചെയ്തു. വൻ ശമ്പളവും വൻ പലിശയും ലഭിക്കുമെന്ന് കണ്ടതോടെ ജീവനക്കാരിൽ പലരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം നിക്ഷേപകരാക്കുകയായിരുന്നു.
കണ്ണൂർ അർബൻ നിധി ലിമിറ്റഡിലേക്കാണ് നിക്ഷേപ തുക കൈമാറിയത്. മാസത്തിൽ ഒമ്പതു ശതമാനം വീതം പലിശ ലഭിക്കുക കൂടി ചെയ്തതോടെയാണ് പലരും നിർദേശിച്ചതിലും അധികം തുക നിക്ഷേപിച്ചത്. 30 ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടമായത്. വർഷത്തിൽ പലിശ കണക്കൂകൂട്ടി വാങ്ങുന്നവർക്ക് പ്രത്യേക ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്തതിനാൽ ചിലർ നിക്ഷേപത്തിന് ഇതുവരെ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ഇവർക്കാണ് മുഴുവൻ തുകയും നഷ്ടമായത്.
150ൽപരം ജീവനക്കാരിൽനിന്ന് നിക്ഷേപം സ്വീകരിച്ചതിനാൽ ഈ ഇനത്തിൽ മാത്രം പത്തുകോടിയിൽപരം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. നിക്ഷേപം നഷ്ടമായതോടെ ഇവർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ജോലി നഷ്ടമാവാതിരിക്കാൻ ബാങ്ക് വായ്പയെടുത്തതടക്കം നിക്ഷേപിച്ചവർ പണം നഷ്ടമായവരുടെ കൂട്ടത്തിലുണ്ട്. തട്ടിപ്പിനിരയായവർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നിയമ നടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.