അജ്ഞാത ശബ്ദം: പഠനത്തിന് അന്വേഷണസംഘം
text_fieldsഅജ്ഞാത ശബ്ദം കേള്‍ക്കുന്ന പോലൂരിലെ വീട് വനം മന്ത്രി എ.കെ. ശശീന്ദ്രന് സന്ദര്‍ശിച്ചപ്പോൾ
കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ കോളൂര് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍നിന്ന് വലിയ മുഴക്കത്തോടുകൂടിയ അജ്ഞാത ശബ്്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിെൻറ നേതൃത്വത്തില്‍ ഉന്നതസംഘത്തെ നിയോഗിച്ചതായി റവന്യൂ മന്ത്രി കെ. രാജന് അറിയിച്ചു.
വനംമന്ത്രി എ.കെ. ശശീന്ദ്രന് ആവശ്യപ്പെട്ടത് പ്രകാരമാണ് സംഘത്തെ നിയമിക്കുന്നതിന് ഉത്തരവിട്ടത്. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. ജി. ശങ്കറിെൻറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ഉച്ചയോടെ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തും. പരിശോധനക്കുശേഷം റെസിസ്റ്റിവിറ്റി സ്റ്റഡീസ് പോലുള്ള വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ളകാര്യം വിലയിരുത്തി സംഘം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാന എമര്‍ജന്‍സി ഓപറേഷന് സെൻററിലെ ഹസാര്‍ഡ് ആൻഡ് റിസ്ക് അനലിസ്റ്റ് പ്രദീപ്, ഹസാര്‍ഡ് അനലിസ്റ്റ് ജിയോളജിയിലെ അജിന് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍.
വനം മന്ത്രി എ.കെ. ശശീന്ദ്രന് വീട് സന്ദര്‍ശിച്ചു. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. സരിത, സ്ഥിരംസമിതി ചെയര്മാന് യു.പി. സോമനാഥന്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയപ്രകാശന്‍, വാര്‍ഡ് മെംബര്‍ എം.കെ. സുര്‍ജിത്ത് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

