മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാതെ അംഗൻവാടി കെട്ടിടം
text_fieldsകരിങ്കാളിമ്മൽ അംഗൻവാടിയുടെ സ്ഥലത്ത് മൂന്ന് വർഷം മുമ്പ് തുടങ്ങിയ കെട്ടിടനിർമാണം
നിലച്ചനിലയിൽ
പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട കരിങ്കാളിമ്മൽ പ്രദേശത്ത് മൂന്നു കൊല്ലം മുമ്പ് തുടങ്ങിയ അംഗൻവാടി കെട്ടിടനിർമാണം പാതിവഴിയിൽ.
അംഗൻവാടിക്ക് സ്വന്തമായുള്ള ഭൂമിയിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് 2019ലാണ് പൊളിച്ചത്. പുതിയ കെട്ടിടനിർമാണം ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
മൂന്ന് വർഷം മുമ്പ് അന്നത്തെ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ഫണ്ടിൽനിന്ന് കരിങ്കാളിമ്മൽ എസ്.സി കോളനി വികസനത്തിനായി നീക്കിവെച്ച പദ്ധതിയിൽ അംഗൻവാടിയുടെ സ്ഥലം കൂടി ഉൾപ്പെടുത്തി സാംസ്കാരിക നിലയം പണിയാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, മൂന്ന് വർഷമായിട്ടും കോൺക്രീറ്റ് തൂണുകളും അതിന് മുകളിൽ ബീമുകളും മാത്രമാണ് പണിതത്. തുടർപ്രവർത്തനത്തിനുള്ള ഒരുനീക്കവും പിന്നീട് നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കെട്ടിടം പൊളിച്ചതോടെ അംഗൻവാടി ഇതിനിടയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കരിങ്കാളിമ്മൽ എസ്.സി കോളനിയോട് ചേർന്ന ഒരു വീടിന്റെ താഴെനിലയിൽ വാടകക്കാണ് അംഗൻവാടി പ്രവർത്തിക്കുന്നത്.
വീടിന് വാടകയിനത്തിൽ പ്രതിമാസം കൊടുക്കേണ്ട തുക അംഗൻവാടി ജീവനക്കാരുടെയും രക്ഷിതാക്കളുടേയും ബാധ്യതയായി മാറിയിട്ടുണ്ട്. എസ്.സി കോളനി വികസന ഫണ്ട് ഉപയോഗിച്ച് ഇരുനിലകളുള്ള സാംസ്കാരിക നിലയം പണിത് താഴെ നില അംഗൻവാടിക്ക് വിട്ടുകൊടുക്കാമെന്ന ഉറപ്പിലാണ് കെട്ടിടം പണി തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ, സാംസ്‌കാരിക നിലയത്തിന്റെ പ്രവൃത്തി എപ്പോൾ പൂർത്തിയാവുമെന്നകാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥക്കും നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കരിങ്കാളിമ്മൽ പട്ടികജാതി കോളനിയുടെ വികസനപദ്ധതി എവിടെയുമെത്താത്ത നടപടിക്കുമെതിരെ ബി.ജെ.പി ഉണ്ണികുളം ഏരിയ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.