അനീഷ് ജോര്‍ജിന്റെ ആത്മഹത്യ; ബി.എല്‍.ഒമാർ സമ്മർദത്തിൽ, കലക്ടറേറ്റിൽ പ്രതിഷേധ പരമ്പര
text_fieldsബി.എൽ.ഒയുടെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം
കോഴിക്കോട്: പയ്യന്നൂരിലെ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ കലക്ടറേറ്റിൽ പ്രതിഷേധങ്ങൾ. കേരള എൻ.ജി.ഒ അസോസിയേഷന്റെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിലാണ് തിങ്കളാഴ്ച കലക്ടറേറ്റിൽ പ്രതിഷേധപ്രകടനം നടന്നത്.
നിസ്സാര കാരണം ചൂണ്ടിക്കാട്ടി ബി.എൽ.ഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ജീവനക്കാരെ സമ്മർദത്തിലാക്കിയെന്നാരോപിച്ച് സബ് കലക്ടർ എസ്. ഗൗതം രാജിന്റെ ഓഫിസിനു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനവുമായെത്തി. മനുഷ്യസാധ്യമല്ലാത്ത സമയപരിധിക്കുള്ളില്‍ വോട്ടർ പട്ടിക നടപടി പൂര്‍ത്തീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർബന്ധിക്കുകയാണ്.
വോട്ടർപട്ടിക പരിഷ്കരണ ജോലി ചെയ്യുന്ന താഴെത്തട്ടിലെ ബൂത്ത് ലെവൽ ഓഫിസർമാരും വില്ലേജ് ഓഫിസർമാരും ഉൾപ്പെടെയുള്ളവർ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ചീഫ് ഇലക്ടറൽ ഓഫിസറെ നേരിൽ കണ്ട് അറിയിച്ചിട്ടും ഇക്കാര്യത്തിൽ വേണ്ട ജാഗ്രത സ്വീകരിക്കാത്തതാണ് ആത്മഹത്യക്ക് വഴിയൊരുക്കിയതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്ത് സീനിയർ വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ പറഞ്ഞു.
അനീഷ് ജോർജിന്റെ ആത്മഹത്യക്ക് കാരണക്കാരായ മേലുദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ജില്ല കലക്ടർമാർ മുതൽ താഴോട്ടുള്ളവർ കോർപറേറ്റ് മാനേജ്മെൻറ് നൽകുന്നതുപോലെയുള്ള ടാർഗറ്റും ഓൺലൈൻ മീറ്റിങ്ങിലെ വിചാരണയും അവസാനിപ്പിക്കണമെന്നും ഉമാശങ്കർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പ്രദീപൻ, ബിനു കോറോത്ത്, ജില്ല സെക്രട്ടറി കെ. ദിനേശൻ എന്നിവർ സംസാരിച്ചു.
വർഗീയതയുടെ അടിസ്ഥാനത്തിൽ ഇലക്ഷൻ കമീഷനെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാർ എസ്.ഐ.ആർ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവിസ് സംഘടന സമരസമിതി പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ പരിഷ്കരണത്തിനെതിരല്ലെന്നും ജീവനക്കാരെ സമ്മർദത്തിലാക്കുന്ന നടപടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ ടി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

