കീഴുപറമ്പിൽ പ്രാചീന ഇരുമ്പുയുഗ കാലത്തെ കാൽക്കുഴികൾ
text_fieldsകീഴുപറമ്പിൽ പ്രാചീന ഇരുമ്പുയുഗ കാലത്തെ കാൽക്കുഴികൾ
കോഴിക്കോട്: മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയുടെ കരയോട് ചേർന്ന കീഴുപറമ്പിലെ പഴയപറമ്പിൽ രണ്ടായിരം വർഷത്തിനോടടുത്ത് പഴക്കമുള്ള കാൽക്കുഴികൾ കണ്ടെത്തി. കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗത്തിലെ പ്രൊഫസർ ആയ ഡോ. ശിവദാസൻ.പിയും ഗവേഷകരുമാണ് ഈ ചരിത്രപ്രാധാന്യമുള്ള ശേഷിപ്പുകൾ പരിശോധിച്ചത്.
കീഴുപറമ്പ് അംശം ദേശത്തിൽ പെടുന്ന തൃക്കളയൂർ ക്ഷേത്ര ദേവസ്വത്തിൻ്റെ പറമ്പിലാണ് നിരവധി കാൽകുഴികൾ അഥവാ പോസ്റ്റ് ഹോളുകൾ കണ്ടെത്തിയിരിക്കുന്നത്. ടിപ്പു സുൽത്താൻ്റെ പടയോട്ട കാലത്ത് ബ്രിട്ടീഷ് സേനയിലെ കുതിരകളെ വീഴ്ത്താൻ നിർമ്മിച്ച കുഴികളാണെന്നു നാട്ടുകാർ വിശ്വസിക്കുന്ന ഈ ചെങ്കൽ പാറയിലെ മനുഷ്യ നിർമ്മിത കുഴികൾ കാലപ്പഴക്കത്തിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണ്.
ശിലായുഗകാല മനുഷ്യരുടെ സാന്നിധ്യമുള്ള പ്രദേശമായിരുന്നു നൂറോളം വർഷങ്ങൾക്കു മുമ്പ് നാട്ടികല്ലു പറമ്പ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ പഴംപറമ്പ്. ചാലിയാർ പുഴയുടെ വടക്കു ഭാഗത്തുള്ള ചെങ്കൽപാറ നിറഞ്ഞ ഈ പ്രദേശത്ത് നിരവധി മഹാശിലായുഗ കാലത്തെ നാട്ടുകല്ലുകൾ അഥവാ മെൻഹിറുകൾ ഉണ്ടായിരുന്നു എന്ന് പ്രായമുള്ളവർ പറയുന്നുണ്ട്. കരിങ്കല്ലിലുള്ള ഈ നാട്ടുകല്ലുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഈ പറമ്പിൽ കാണുന്നുണ്ട്. ശിലായുഗ കാലത്തെ ശവസംസ്കാരത്തിൻ്റെ തെളിവുകളായ നാട്ടുകല്ലുകൾ നിറഞ്ഞ പറമ്പായതുകൊണ്ടാണ് ഈ സ്ഥലത്തിന് പഴംപറമ്പ് എന്ന പേര് വന്നുചേർന്നത്.
സമീപ പ്രദേശത്തു നിന്ന് 1998 ൽ ഒരു ചെങ്കൽ ഗുഹ കണ്ടെത്തിയിരുന്നുവെന്നും ഈ ഗുഹയിൽ നിന്ന് ഇരുമ്പ് ആയുധങ്ങളോടും മൺപാത്രങ്ങളോടുമൊപ്പം ഒരു നവീന ശിലായുഗ കന്മഴുവും കണ്ടെത്തിയിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. കേരളത്തിലെ നവീന ശിലായുഗ കാലത്തിൽ നിന്ന് മഹാശിലായുഗ കാലം അഥവാ ഇരുമ്പു യുഗ കാലത്തിലേക്കുള്ള മാറ്റം വ്യക്തമാക്കുന്ന ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കീഴു പറമ്പെന്ന് തെളിവുകൾ വ്യക്തമാക്കുന്നു.
സമൃദ്ധമായി ഇരുമ്പ് ഖനനം ചെയ്‌തെടുത്തിരുന്ന പുഴക്കരകൂടിയായിരുന്നു പഴംപറമ്പ് എന്ന് പരിശോധനയിൽ കാണാൻ കഴിയുന്നുണ്ട്. ഈ പറമ്പിൽ ചെങ്കൽ പാറയിൽ കാണുന്ന ഇരുമ്പ് ആയുധങ്ങൾ കൊണ്ടു നിർമിച്ച വൃത്താകൃതിയിലുള്ള കാൽക്കുഴികൾ മഹാശിലായുഗകാലത്തെ പ്രാചീന മനുഷ്യരുടെ ആവാസ വ്യവസ്ഥയും ആചാരങ്ങളുമായി ബന്ധമുള്ളതാണെന്നു വിശ്വസിക്കുന്നു.
കേരളത്തിലെ പുരാതന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന കീഴുപറമ്പു തെളിവുകൾ അടിയന്തിരമായി കൂടുതൽ പരിശോധനക്കും സംരക്ഷണത്തിനും വിധേയമാക്കേണ്ടതാണ്. പൊതുപ്രവർത്തകനായ സി പി എം റഫീഖ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ കീഴുപറമ്പിൽ എത്തിയത്. സ്ഥലവാസിയായ അസൈൻ കാരാടും പരിശോധനാ സമയത് വിവരങ്ങൾ നൽകുവാൻ എത്തിച്ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

