പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; തെച്ചി പാലം തിങ്കളാഴ്ച നാടിന് സമർപ്പിക്കും
text_fieldsഎകരൂല്‍: എസ്റ്റേറ്റ്മുക്ക്-കക്കയം റോഡിൽ പ്രവൃത്തി പൂർത്തിയായ തെച്ചി പാലം തിങ്കളാഴ്ച നാടിന് സമർപ്പിക്കും. പാലം പണിയണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡിൽ സ്ഥിതിചെയ്യുന്ന പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരന്തരം നിവേദനം നല്‍കുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
കക്കയം, വയലട ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നുപോകുന്ന ഈ റോഡിലെ ബ്രിട്ടീഷുകാരുടെ കാലത്ത് പണിത വീതികുറഞ്ഞ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമിച്ചത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടക്കാര്‍ക്ക് മാറിനില്ക്കാന്പോലും ഇടമില്ലാത്ത വീതികുറഞ്ഞ തെച്ചി പാലത്തിൽ നിരവധി തവണ വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു. പാലത്തിന്റെ വീതികുറവ് കാരണം ബൈക്ക് യാത്രക്കാരും കാല്‍നടക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. അറോക്കും തോടിന് കുറുകെ വീതിയുള്ള ഒരു പാലമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു. ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിനാണ് പാലം വരുന്നതോടെ പരിഹാരമാകുന്നത്. 2021 ഡിസംബർ 29നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
രണ്ടുകോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. പൈല് ഫൗണ്ടേഷനോടുകൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 12.90 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാനില്‍ ആണ് പാലം. 7.50 മീറ്റര്‍ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്ററുമാണ് വീതി. കക്കയം ഭാഗത്തേക്ക് 70 മീറ്റര്‍ അപ്രോച്ച് റോഡും എകരൂല്‍ ഭാഗത്തേക്ക് 50 മീറ്റര്‍ അപ്രോച്ച് റോഡും നിര്‍മിച്ചിട്ടുണ്ട്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍നിന്ന് കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്.
നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ പാതയിലൂടെ കടന്നുപോകുന്നത്. സമാന്തരമായി നിർമിച്ച താത്കാലിക പാലം പൊളിച്ചുമാറ്റിയിട്ടുണ്ട്. പാലത്തിന്റെ അടിയിൽ ഇരുഭാഗത്തുമായി അറോക്കും തോടിന് സമാന്തരമായി സംരക്ഷണ ഭിത്തിയും നിർമിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11.30ന് തെച്ചി അങ്ങാടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡന്റ് നിജിൽ രാജ്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.