അമേരിക്കയിലെ ജഡ്ജിയെത്തി, ഹോട്ടലിലെ പഴയ സഹപ്രവർത്തകരെ കാണാൻ
text_fieldsഅമേരിക്കയിൽ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രൻ കെ. പട്ടേലിന്
മലബാർ പാലസിൽ മുൻ സഹപ്രവർത്തകർ നൽകിയ സ്വീകരണം
കോഴിക്കോട്: നഗരത്തിലെ ഹോട്ടലിലെ പഴയ റൂം ബോയ് അമേരിക്കയിൽ ജഡ്ജിയായി തിരിച്ചെത്തി പഴയ സഹപ്രവർത്തകരോടു പറഞ്ഞു, ‘‘ആരാവണമെന്ന് നിങ്ങൾതന്നെ തീരുമാനിച്ച് നിശ്ചയദാർഢ്യത്തോടെ നടപ്പാക്കിയാൽ ലോകത്ത് ഒരു ശക്തിക്കും അത് തടയാനാവില്ല, സാഹചര്യങ്ങൾ വെറുതെ വരില്ല, ഉണ്ടാക്കിയെടുക്കണം’’. യു.എസിലെ ടെക്സസിൽ ജില്ല ജഡ്ജായി ചുമതലയേറ്റ കാസർകോട് ബളാൽ സ്വദേശി സുരേന്ദ്രൻ പട്ടേലാണ് സ്ഥാനമേറ്റ ശേഷം ആദ്യമായി പഴയ സഹപ്രവർത്തകരെ കാണാൻ നാട്ടിലെത്തിയത്. ഹോട്ടൽ മലബാർ പാലസിൽ പഴയ സഹപ്രവർത്തകരായ ശെൽവനും അശോകനും ഷൺമുഖനുമെല്ലാം ചേർന്ന് സുരേന്ദ്രനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഹോട്ടൽ ഉടമസ്ഥരും മാനേജർമാരുമെല്ലാം സുരേന്ദ്രൻ പട്ടേലിനെ സ്നേഹംകൊണ്ടുമൂടി.
ഈ വർഷം ജനുവരിയിലാണ് സുരേന്ദ്രൻ പട്ടേൽ ടെക്സസിൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. ബീഡിതെറുത്ത് സ്കൂൾ പഠനവും റൂം ബോയിയായി പണിയെടുത്ത് നിയമപഠനവും പൂർത്തിയാക്കിയാണ് യു.എസ് രീതിയനുസരിച്ച് പ്രാഥമിക പരീക്ഷയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലേബലിൽ സിറ്റിങ് ജഡ്ജിക്കെതിരെ മത്സരിച്ച് ജയിച്ചത്.
ജനറൽ തെരഞ്ഞെടുപ്പിലും ഒന്നാമനായി മത്സരിച്ച് ജയിച്ച് യു.എസ് ജില്ല ജഡ്ജിയാകുന്ന ആദ്യ മലയാളിയാണിദ്ദേഹം. ഏറ്റവും കുറഞ്ഞ കാലം കൊണ്ട് മത്സരിച്ച് ജയിച്ച് ജഡ്ജിയാകുന്ന ആദ്യ കുടിയേറ്റക്കാരൻ. കോഴിക്കോട് ഗവ. ലോ കോളജിൽ പഠിക്കവേയാണ് അദ്ദേഹം ഹോട്ടലിൽ ജോലിയെടുത്തത്. ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയായിരുന്നു ജോലി. ഉച്ചക്ക് രണ്ടിനും നാലിനും ഇടയിൽ രണ്ടുമണിക്കൂർ ക്ലാസ് കട്ട് ചെയ്തായിരുന്നു കഠിനാധ്വാനം.
കാഞ്ഞങ്ങാട് അപ്പുക്കുട്ടൻ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്ത സുരേന്ദ്രൻ ഭാര്യ ശുഭക്ക് ഡൽഹിയിൽ നഴ്സ് ആയി ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് കുടിയേറുകയായിരുന്നു. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയിലെ ആശുപത്രിയിൽ ജോലി ലഭിച്ചപ്പോഴാണ് അമേരിക്കയിലേക്ക് കയറിയത്. അവിടെ നിയമത്തിൽ പഠനം നടത്തി ബിരുദം നേടി 2017ൽ അമേരിക്കൻ പൗരത്വം നേടുകയായിരുന്നു. മലബാർ പാലസ് ചെയർമാൻ പി.എം. മാനുവൽ, പി.എം. ജോർജ്, മാനുവൽ ആന്റണി, മാനുവൽ ഉതുപ്പ്, എച്ച്. ശ്രീജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

