അലി അസ്കറും ഹുസ്നി മുബാറക്കും ഷിഹാബും കാണാമറയത്ത്
text_fieldsrepresentation image
കോഴിക്കോട്: കാലവർഷം ശക്തമായതോടെ വിവിധ സംഭവങ്ങളിലായി ജില്ലയിൽ കാണാതായത് മൂന്നു പേരെ. കടൽക്ഷോഭത്തിൽ തോണിമറിഞ്ഞ് ചാലിയം സ്വദേശി തൈക്കടപ്പുറത്ത് അലി അസ്കർ എന്ന കുഞ്ഞാപ്പുവിനെയും (23), മുത്തായത്ത് കോളനിയിലെ ഷിഹാബിനെയും (27), പതങ്കയത്ത് ഒഴുക്കിൽപെട്ട് ഈസ്റ്റ് മലയമ്മ പൂലോത്ത് ഹുസ്നി മുബാറക്കിനെയുമാണ് (18) കാണാതായത്.
ജൂൺ 26ന് ചാലിയത്തുനിന്ന് മീൻപിടിക്കാൻ പോയ പുത്തൻപുരക്കൽ സഫീറിന്‍റെ 'സഫായത്ത്' ഫൈബർ വള്ളം 28ന് വൈകീട്ട് ചാവക്കാടിനടുത്ത് ചേറ്റുവ ഭാഗത്ത് 25 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ടാണ് അലി അസ്കറിനെ കാണാതായത്. ഒരുരാത്രി മുഴുവൻ വള്ളംപിടിച്ചു നീന്തിയ അലി അസ്കറിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേരെയും വിദേശകപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. അസ്കറിനായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ജൂലൈ നാലിനാണ് നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപെട്ട് ഹുസ്നി മുബാറക്കിനെ കാണാതായത്. ഡൈവിങ് വിഭാഗം തലവൻ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നേവി സംഘം വെള്ളപ്പാച്ചിൽ കൂടുതലുള്ള പുഴയിലിറങ്ങി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല. പൊലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, സ്കൂബ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.
ചൊവ്വാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം കരക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിഞ്ഞാണ് ഷിഹാബിനെ കടലിൽ കാണാതായത്. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
മഴ ശക്തമായതിൽ പിന്നെ പെരുവയൽ പഞ്ചായത്തിലെ ചാലിപ്പാടത്ത് തോണിമറിഞ്ഞ് മലപ്രം മൊടനാരി ഷാജുവും (45), മത്സ്യബന്ധനത്തിനിടെ പെരിങ്ങത്തൂർ ബോട്ടുജെട്ടിക്കുസമീപം പുഴയിലേക്ക് വീണ് പത്തനംതിട്ട പുതുരവരിയിൽ മനോജും (32), ചാലപ്പുറം ശ്രീകൃഷ്ണക്ഷേത്ര കുളത്തിൽ പുതിയപാലം ചാപ്പടന്ന വിശാലും (18) മുങ്ങി മരിച്ചിരുന്നു. മാത്രമല്ല, മെഡിക്കൽ കോളജ് കാമ്പസ് റോഡിലേക്ക് തെങ്ങ് വീണ് ഗുരുതര പരിക്കേറ്റ വയനാട് സ്വദേശി അശ്വിൻ തോമസിന്‍റെ (20) ജീവനും പൊലിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

