അഖിലേഷ് സൈക്കിൾ ചവിട്ടുകയാണ്, കോഴിക്കോട് മുതൽ നേപ്പാൾ വരെ
text_fieldsഅഖിലേഷിെൻറ സൈക്കിൾ യാത്ര വ്യാഴാഴ്ച കാസകോട് ബേക്കലിൽ എത്തിയപ്പോൾ
കോഴിേക്കാട്: രാജ്യത്ത് ക്രമാതീതമായി ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടുനിന്ന് നേപ്പാളിലേക്ക് യുവ അധ്യാപകൻ അഖിലേഷിെൻറ സൈക്കിൾയാത്ര തുടങ്ങി. രണ്ടുമാസം നീളുന്ന യാത്രക്ക് പ്രത്യേകിച്ച് റൂട്ട് മാപ്പില്ല, പര്യടനപ്പട്ടികയില്ല, ൈകയിൽ കാര്യമായി കാശുമില്ല. ആഡംബരങ്ങളൊന്നുമില്ലാത്ത സാധാരണ ഹീറോ സൈക്കിളിലാണ് ചൂടുകാലത്തെ ദേശാന്തര സമരയാത്ര. വഴികളിൽ സുമനസ്സുകൾ നൽകുന്ന 'കട്ട സപ്പോർട്ടി'ൽ ആവേശമുൾക്കൊണ്ട് നടത്തുന്ന യാത്ര നാല് ദിവസം പിന്നിട്ടു.
അപരിചിതർ നൽകുന്ന ഐക്യദാർഢ്യവും സ്നേഹവുമാണ് യാത്രയുടെ ഊർജം. എവിടെ എപ്പോഴെത്തുമെന്നൊന്നും നിശ്ചയമില്ല. അഥവാ ലോക്ഡൗൺ തടസ്സമായാലും വിലക്കില്ലാത്ത വഴികൾ കണ്ടെത്തി ലക്ഷ്യത്തിലെത്തുമെന്ന് അഖിലേഷ് പറഞ്ഞു. ദിനേന ശരാശരി 70 കിലോമീറ്റർ സഞ്ചരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ൈസക്കിൾ സഞ്ചാരം വെള്ളിയാഴ്ച കർണാടകയിലേക്ക് പ്രവേശിക്കും. കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവിൽ കോർപറേഷൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അഖിലേഷ് എന്ന അച്ചു തലശ്ശേരി അമൃത വിദ്യാലയത്തിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചറാണ്. കോവിഡ് ആയതോടെ സ്കൂളിന് അനിശ്ചിതമായ അവധി കിട്ടിയതാണ് യാത്രക്ക് അവസരമാക്കിയത്. സൈക്കിൾ റൈഡർമാരായ സുഹൃത്തുക്കളുണ്ടെങ്കിലും അവരാരും അഖിലേഷിനൊപ്പമില്ല.
ഒരു വർഷം പഴക്കമുള്ള സൈക്കിൾ അയൽക്കാരനായ ഹബീബിെൻറ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ഇത്തരം യാത്രകൾക്ക് വേണ്ട ൈസക്കിളും സന്നാഹങ്ങളുമൊരുക്കാൻ 50,000 രൂപയെങ്കിലും വേണം. ചെലവിന് കാശും വേണം. അതൊന്നും കരുതാതെയാണ് അഖിലേഷ് പുറപ്പെട്ടത്. സാദാ സൈക്കിളിൽ ഇങ്ങനെയൊരു യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ പരിഹസിച്ച സുഹൃത്തുകളോടുള്ള സമരം കൂടിയാണീ യാത്ര. ഇൗ സൈക്കിളിലും റൈഡ് സാധ്യമാണെന്നും പണമില്ലാത്തവർക്കും റൈഡ് സാധിക്കുമെന്നും കാണിച്ചുകൊടുക്കലും യാത്രയുടെ ലക്ഷ്യമാണ്.
കോഴിക്കോട് കോർപറേഷൻ ജീവനക്കാരനായ ഷാജിയുടെയും രാധയുടെയും മകനാണ് അഖിലേഷ്. യാത്രയെ കുറിച്ചറിഞ്ഞപ്പോൾ നാട്ടിലെ യുവാക്കൾ പിന്തുണയുമായെത്തി. പൂളക്കടവ് പ്രീമിയർ ലീഗിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പും നൽകി. കോഴിേക്കാട് കോർപറേഷൻ കൗൺസിലർ ഫെനിഷ കെ. സന്തോഷാണ് ഫ്ലാഗ്ഓഫ് നിർവഹിച്ചത്.