വീണ്ടും പഴയ സ്ഥിതി തന്നെ; വീണ്ടും നഗരമുഖം വികൃതമാക്കി പരസ്യങ്ങൾ
text_fieldsആദായനികുതി ഓഫിസിന് സമീപത്തെ സർക്കാറിന്റെ പരസ്യ ബോർഡ്
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിനോട് ചേർന്നും നഗരപാതകളിലും വീണ്ടും പരസ്യ ബോർഡുകളുടെയും പോസ്റ്ററുകളുടെയും പ്രളയം. പരസ്യം നിരോധിച്ച ഇടമാണ് മാനാഞ്ചിറ സ്ക്വയറെങ്കിലും ഔദ്യോഗിക പരസ്യങ്ങൾ വരെ ഇവിടെ നിറയുന്നു. നവീകരിച്ച ആറുപാതകളിൽ മാലിന്യം തള്ളൽ, കൊടി തോരണം തൂക്കൽ, കൈയേറ്റം എന്നിവ ഒഴിവാക്കണമെന്ന പഴയ സർവകക്ഷി തീരുമാനം അട്ടിമറിച്ചാണ് കൊടിതോരണങ്ങളടക്കം നിറയുന്നത്. മുമ്പ് ബോർഡുകളും മറ്റും വെച്ചാൽ നടപടിയെടുക്കാൻ വിവിധ ഭാഗങ്ങളിലായി 17 റോഡ് സംരക്ഷണ സമിതികൾ രൂപവത്കരിച്ചിരുന്നു.
ഗാന്ധി റോഡ്, ക്രിസ്ത്യൻ കോളജ് ക്രോസ് റോഡ്, അശോകപുരം എന്നിവക്കൊപ്പം വിവിധ ജങ്ഷനുകളിലും കൊടികൾ നിറഞ്ഞിരിക്കയാണ്. ഏറെ കൊട്ടിഗ്ഘോഷിച്ച് നവീകരിച്ച റോഡുകളെല്ലാം പഴയപടിയായിത്തുടങ്ങി. മാനാഞ്ചിറ സ്ക്വയറിന് പരസ്യങ്ങൾ പാടില്ലെന്ന തീരുമാനം രാഷ്ട്രീയകക്ഷികൾ ധിക്കരിച്ചതോടെ സ്ക്വയർ പരസ്യത്തിൽ മുങ്ങുന്നു. ഇടക്ക് നഗരസഭ നടപടികളെടുക്കുമെങ്കിലും ദിവസങ്ങൾക്കകം പഴയപോലെയാവും. നഗരപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ആറ് റോഡുകളും ജനകീയ പങ്കാളിത്തത്തോടെ പരിപാലിക്കാനാണ് 17 റോഡ് സംരക്ഷണ സമിതികൾ രൂപവത്കരിച്ചത്. ആരെങ്കിലും തീരുമാനം ലംഘിച്ചാൽ അവ കണ്ടെത്തി നടപടിയെടുക്കാൻ സംരക്ഷണ സമിതികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
പ്രദേശത്തെ റെസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് സമിതികൾ രൂപവത്കരിച്ചത്. കൗൺസിലർമാർ, രാഷ്ട്രീയ പാർടി നേതാക്കൾ, റെസിഡൻറ്സ് അസോ. പ്രതിനിധികൾ, സി.ഐ, എസ്.ഐ എന്നിവരാണ് സമിതിയിൽ അംഗങ്ങൾ. റോഡിൽ മാലിന്യം തള്ളൽ, കൊടിതോരണങ്ങൾ തൂക്കൽ, കൈയേറ്റങ്ങൾ എന്നിവ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനൊപ്പം റോഡിന് തകരാർ, സിഗ്നൽ മുടങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ നിർമാണം നിർവഹിച്ച ഈരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയെ അറിയിക്കണമെന്നും ധാരണയുണ്ടായിരുന്നു.
നഗരപാതകളുടെ റോഡ് പരിപാലന ചുമതല സൊസൈറ്റിക്കാണ്. വിവിധ സുരക്ഷ സമിതികൾക്ക് മുകളിലായി കലക്ടർ അധ്യക്ഷനായി അപെക്സ് ബോർഡ് സമിതിയും രൂപവത്കരിച്ചിരുന്നു. മേയർ, എം.പി, എം.എൽ.എമാർ, പൊലീസ് കമീഷണർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, യു.എൽ.സി.സി.എസ് പ്രതിനിധി എന്നിവർ അംഗങ്ങളായ ഈ സമിതികളും പേരിലൊതുങ്ങി. മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിനായി അക്വയർ ചെയ്ത സ്ഥലമെല്ലാം പരസ്യക്കാർ കൈയടക്കിയിരിക്കയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

