സാഹസിക ടൂറിസം മേഖല കാലത്തിനൊത്ത് വികസിപ്പിക്കും -മന്ത്രി റിയാസ്
text_fieldsറിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സാഹസിക വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് പരമാവധി സാധ്യതകൾ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫറോക്ക് ചാലിയാറിൽ ആരംഭിച്ച റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹസിക വിനോദസഞ്ചാരം ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഘട്ടമാണിത്. മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് യോജിച്ച മുന്നേറ്റം സാധ്യമാക്കും. വിദേശ രാജ്യങ്ങളിൽ കാണുന്ന വിവിധ സാഹസിക വിനോദങ്ങൾ സംസ്ഥാനത്ത് സാധ്യമാക്കുന്ന ഇടപെടലുകൾ ടൂറിസം വകുപ്പിന്റെ കീഴിൽ നടത്തിവരുകയാണ്. ടൂറിസം വികസിക്കുന്നത് പ്രാദേശിക വാണിജ്യ മേഖലകൾക്കും പൊതുജനങ്ങൾക്കും വലിയ നിലയിൽ ഗുണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി. റസാക്ക്, വി.കെ.സി. മമ്മദ് കോയ, പി.സി. രാജൻ, റീജ, ഡി. ഗിരീഷ് കുമാർ, സത്യജിത്ത് ശങ്കർ, ബിനു കുര്യാക്കോസ്, മുനീർ, എം. ഗിരീഷ്, ടി. രാധാഗോപി തുടങ്ങിയവർ സംസാരിച്ചു.
ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭമാണ് റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. സംസ്ഥാനത്ത് ആദ്യമായി പുഴക്ക് കുറുകെയുള്ള ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈൻ, റോപ് കാർ, സ്പീഡ് ബോട്ടിങ്, കയാക്കിങ്, ശിക്കാര ബോട്ടിങ്, കിഡ്സ് പാർക്ക്, 180 അടി ഉയരത്തിലുള്ള റസ്റ്റാറന്റ്, ശീതീകരിച്ച കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയത്. നൂറിൽപരം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും സജ്ജമാണ്.
ഫറോക്കിലെ പുതിയ ഗവ. റസ്റ്റ് ഹൗസിന് സമീപത്താണ് സാഹസിക വിനോദ കേന്ദ്രം. 310 മീറ്റർ നീളത്തിൽ പുഴയുടെ മുകളിലൂടെ ഈ സാഹസിക ഉപാധികൾ ഉപയോഗിക്കാം. ചാലിയാറിൽനിന്ന് ഊർക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ഹൗസ് ബോട്ടിങ് സൗകര്യവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.