മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് അഴിമതി; വിജിലൻസിന് പരാതി നൽകും -അഡ്വ. കെ. ജയന്ത് എം.എൽ.എ
text_fieldsഅഡ്വ. കെ. ജയന്ത്
കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് നാലുവരി പാതയുടെ നിർമാണത്തിലും കരാർ നൽകിയതിലും അഴിമതിയുണ്ടെന്നും ഇതു സംബന്ധിച്ച് വിജിലൻസിൽ പരാതി നൽകുമെന്നും അഡ്വ. കെ.ജയന്ത് എം.എൽ.എ. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും കരാർ നൽകിയതിൽ വൻ അഴിമതിയാണുള്ളതെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മേൽനോട്ടം വഹിക്കേണ്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ട്. അഴിമതി നടത്തിയവരെ കണ്ടെത്തുന്നതിനായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊതുമാരമത്ത് മന്ത്രിക്കും അടുത്ത ദിവസം നേരിൽ കണ്ട് പരാതി നൽകും. മലപ്പുറം ആസ്ഥാനമായ മിഡ്‌ലാൻഡ് കോൺട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയതിലും ദുരൂഹതയുണ്ട്. ടെൻഡറിൽ പങ്കെടുത്ത കേരളത്തിലെ പ്രമുഖ കമ്പനികളെ പിന്തള്ളിയാണ് തട്ടിപ്പിലൂടെ കമ്പനി കരാർ നേടിയെടുത്തത്.
കരാർ ഏറ്റെടുക്കുന്ന കമ്പനിയുടെ സാമ്പത്തിക ശേഷി, തൊഴിലാളികളുടെയും ഉപകരണങ്ങളുടെയും ശേഷി, പ്രവൃത്തി പരിചയം എന്നീ മാനദണ്ഡങ്ങൾ നേരത്തെ നിശ്ചിയിച്ചിട്ടുണ്ട്. മറ്റൊരു കമ്പനിയുടെ പ്രവൃത്തി സൂചിപ്പിച്ചാണ് കമ്പനി ടെൻഡറിൽ പ്രവൃത്തി പരിചയം കാണിച്ചത്. മലാപ്പറമ്പ് മുതൽ വെള്ളിമാട് കുന്ന് വരെയുള്ള രണ്ടാംഘട്ട പ്രവൃത്തിക്ക് ടെൻഡർ പോലും ഇല്ലാതെ ഈ കമ്പനിക്കു തന്നെ കരാർ നൽകിയത് അഴിമതിയാണ്. ഇതിൽ ദുരൂഹതയുണ്ടെന്നും ജയന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാനാഞ്ചിറ മുതൽ വെള്ളിമാട്കുന്ന് വരെ 8.3 കിലോമീറ്റർ റോഡാണ് നാലുവരിയായി വികസിപ്പിക്കുന്നത്. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള ആദ്യഘട്ട പ്രവൃത്തിയ്ക്ക് 85.92 കോടി രൂപയാണ് ടെൻഡർ നിശ്ചയിച്ചത്. ഒരു കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയ്ക്ക് 15 മുതൽ 16 കോടി രൂപവരെയാണ് ചെലവ്. റോഡിന്റെ ഒരു വശത്തുനിന്ന് മറു വശത്തേക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ, കെ.എസ്.ഇ.ബി കേബിളുകൾ, ടെലിഫോൺ, ഇന്റർനെറ്റ് ലൈനുകൾ എന്നിവ കടത്തിവിടാൻ വേണ്ടി റോഡിന് അടിയിലൂടെ പ്രത്യേക കോൺക്രീറ്റ് ചാലുകൾ (ക്രോസ് ഡക്ട്) നിർമിക്കുമെന്നായിരുന്നു കരാറിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

