വധശ്രമക്കേസിൽ വിദേശത്തേക്കുകടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ
text_fieldsറഈസ്
നാദാപുരം: വധശ്രമക്കേസിൽ വിദേശത്തേക്കുകടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിലായി. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുടവന്തേരിയിൽ നടന്ന ആക്രമണക്കേസിലെ മുഖ്യപ്രതി ബാവുന്നയിൽ പുതിയോട്ടും കണ്ടി റഈസ് (37) ലുക്ക് ഔട്ട് നോട്ടീസിൽ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു.
ബുധനാഴ്ച പുലർച്ച ദുബൈയിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ റഈസിനെ പിടിക്കാൻ നാദാപുരം പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
2017 ഫെബ്രുവരി 19ന് രാത്രി പനാടതാഴെ പള്ളിയിൽ രാത്രി നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ മുടവന്തേരി സ്വദേശികളായ തായ്യന്റവിട മുഹമ്മദ്, പടിക്കോത്ത് ആസിഫ് എന്നിവരെ ബുള്ളറ്റ് ബൈക്കിൽ കാറിടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു. പരിക്കേറ്റവരുടെ കാലുകളുൾപ്പെടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട നാലുപേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ, മുഖ്യപ്രതിയായ റഈസ് ഖത്തറിലേക്ക് കടക്കുകയായിരുന്നു. അഞ്ചുവർഷത്തിനുശേഷം ദുബൈയിൽനിന്നും വന്ന് കണ്ണൂരിൽ ഇറങ്ങിയതിനിടയിലാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

