ദാരുണ മരണങ്ങളുടെ നഗരപാത; അപകടമരണം കൂടുന്നു, നിയന്ത്രിക്കാനാവാത്ത വിധത്തിൽ വാഹനങ്ങളുടെ പെരുപ്പം
text_fieldsകോഴിക്കോട്: നഗരത്തിൽ റോഡുകളുടെ വികസനം പുരോഗമിക്കുമ്പോൾ റോഡിൽ പിടഞ്ഞുമരിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഒരാഴ്ചക്കിടെ അഞ്ചു പേരാണ് നഗരപരിധിയിൽ ചോരചിന്തി മരിച്ചത്. തികച്ചും അശ്രദ്ധമായി വാഹനം ഓടിക്കുന്നതുകൊണ്ടാണ് റോഡ് കുരുതിക്കളമാകുന്നത്. മയക്കുമരുന്നുപയോഗിച്ചുള്ള ഡ്രൈവിങ് തടയാൻ പൊലീസിനും മോട്ടോർവാഹന വകുപ്പിനും കഴിയാത്തതും തിരക്കും അമിതവേഗവും റോഡിലെ ചോരപ്പാട് മായാതെ നിലനിൽക്കുന്നതിന് ഇടയാക്കുകയാണ്.
വാഹനങ്ങളുടെ പെരുപ്പവും അനിയന്ത്രിതമാണ്. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിക്ക് മുതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ജോലിചെയ്യാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥരുടെ നടപടിമൂലം പല ഉദ്യോഗസ്ഥരും വിട്ടുനിൽക്കുന്നതും നിയമലംഘനം കൂട്ടാൻ കാരണമാകുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾക്കു മുന്നിലെ അനധികൃത പാർക്കിങ്, ഗതാഗതക്കുരുക്കുണ്ടാക്കുന്ന രീതിയിലുള്ള തെരുവു കച്ചവടം എന്നിവക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സ്ഥലംമാറ്റമുൾപ്പെടെ ഭീഷണികളാണ് ഉയർത്തുന്നത്.
റോഡരികിൽ അശാസ്ത്രീയ രീതിയിലുള്ള ടാക്സി പാർക്കിങ് മൂലം കാൽനടക്കാർക്കുപോലും റോഡിലിറങ്ങി യാത്രചെയ്യേണ്ട അവസ്ഥയാണ്. ഇതിനെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ല. 21 പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയുള്ള സിറ്റി ട്രാഫിക് പൊലീസിന്റെ മൂക്കിനു താഴെയാണ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്ന അനധികൃത പാർക്കിങ്.
ലഹരി ഉപയോഗിച്ചുള്ള യാത്രകൾ കൂടുന്നു
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് കൂടിയതായി പൊലീസ്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ഡ്രഗ് കിറ്റ് പൊലീസിന്റെ സബ് ഡിവിഷനൽ ഓഫിസിൽ മാത്രമാണുള്ളത്. ഇതുവെച്ചുള്ള പരിശോധന നാമമാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉപകരണമെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് കാലമേറെയായെങ്കിലും ഇതുവരെയും എത്തിയില്ല. മദ്യപിച്ച് വാഹനമോടിക്കുന്ന പരിശോധനയും നഗരത്തിൽ നിലച്ചമട്ടാണ്. ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവം കീഴ്ജീവനക്കാർക്ക് ആശ്വാസമാകുകയാണ്.
2019ലെ സേഫ് സോൺ പ്രഖ്യാപനം നടപ്പായില്ല
നഗരത്തിൽ റോഡപകടങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന് മുന്നോടിയായി പ്രത്യേക മേഖലകൾ തിരഞ്ഞെടുത്ത് 24 മണിക്കൂറും പരിശോധന നടത്തി ‘സേഫ് സോണു’കൾ സൃഷ്ടിക്കാൻ നടപടിയായതായി അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. 30ാമത് റോഡ് സുരക്ഷ വാരാചരണത്തിന്റെ സമാപന യോഗം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്താണ് പ്രഖ്യാപനം നടത്തിയത്. സേഫ് സോണുകളിൽ പരിശോധന കൊല്ലങ്ങളായി മുടങ്ങിയിട്ട്. മോേട്ടാർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ വാഹനമില്ലാതെ പരിശോധന നാമമാത്രമാക്കി. റോഡിലെ കുണ്ടും കുഴിയും അപകടങ്ങൾ വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

