കരുമല വളവിൽ അപകടം തുടർക്കഥ ജീപ്പ് കലുങ്കിനിടിച്ച് അഞ്ചു പേർക്ക് പരിക്ക്
text_fieldsഎകരൂൽ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഉണ്ണികുളം പഞ്ചായത്തിലെ കരുമല അങ്ങാടിക്ക് സമീപത്തെ വളവിൽ അപകടം തുടർക്കഥ. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ അഞ്ചുപേർ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ഭാഗത്തുനിന്ന് മാഹിയിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്.
ഇടുക്കി മറയൂർ സ്വദേശികളായ കാർത്തികേയൻ (27), വിജയ് കുമാർ (30), ആനന്ദ് (20), മുരുകേശൻ (45) എന്നിവരെയും നിസ്സാര പരിക്കേറ്റ മറ്റൊരാളെയുമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനപാത നവീകരിച്ചതിനുശേഷം ഇവിടെ 20ഓളം അപകടങ്ങളാണ് ഉണ്ടായത്. തുടർ അപകടങ്ങളിൽ നാലുപേർക്ക് ജീവൻ നഷ്ടമായി.
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വേങ്ങേരി കലൂട്ടിത്താഴം അഭിഷേക് (21), കാരപ്പറമ്പ് നാറോത്ത് ലൈൻ അതുല്യ (18), മറ്റൊരു ബൈക്കപകടത്തിൽ പൂനൂർ കോളിക്കൽ ആശാരിക്കണ്ടി അബ്ദുൽ നാസറിന്റെ മകൻ അനീസ് (23), മാഹി സ്വദേശിയായ യുവാവ് എന്നിവർ മരിച്ചു. പരിക്കേറ്റവർ ഇപ്പോഴും ആശുപത്രികളിലും വീടുകളിലുമായി കഴിയുകയാണ്. ഈ ആഴ്ച മൂന്ന് അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് പോകുകയായിരുന്ന മാഹി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ട് ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. മൂന്നു മാസം മുമ്പ് കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാരായ തേനാക്കുഴി സ്വദേശി സ്മേരയും ബാലുശ്ശേരി സ്വദേശി ബിന്ദുവും സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടവും ഇതേ വളവിലായിരുന്നു.
ഗുരുതര പരിക്കേറ്റ ഇരുവരും ഇപ്പോഴും ചികിത്സയിലാണ്. വിഷുദിനത്തിലെ കാറപകടത്തിൽ പരിക്കേറ്റവരും മറ്റൊരപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ നന്മണ്ട 14ലെ യുവാവും ചികിത്സ തുടരുന്നു. പാത നവീകരണത്തിന്റെ ഭാഗമായി ടാർ ചെയ്തതല്ലാതെ വാഹനങ്ങൾക്ക് ആവശ്യമായ സിഗ്നൽ സംവിധാനമടക്കം സ്ഥാപിച്ചിട്ടില്ല. തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും അപായ സൂചന ബോർഡുകളോ മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ല. അപകടം പതിവായപ്പോൾ റോഡില് ഹമ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.