വില്ലേജ് പരിധി നിർണയത്തിലെ അപാകത; പൊറുതി മുട്ടി തലയാട് പ്രദേശവാസികൾ
text_fieldsബാലുശ്ശേരി: വില്ലേജിന്റെ പരിധി നിർണയത്തിലെ അപാകതയിൽ പൊറുതിമുട്ടി തലയാട് പ്രദേശവാസികൾ. പനങ്ങാട് പഞ്ചായത്തിൽ കാന്തലാട് വില്ലേജിൽപ്പെട്ട പ്രദേശമായ ചീടിക്കുഴിയിലെ നിരവധി കുടുംബങ്ങൾ കട്ടിപ്പാറ പഞ്ചായത്തിലെ വില്ലേജിലാണ് ഇപ്പോൾ നികുതി അടച്ചു കൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് മാറി നികുതി അടക്കുന്നതിനാൽ ഭൂമി വിൽക്കുമ്പോഴും വാങ്ങുമ്പോഴും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നുണ്ട്. പനങ്ങാട് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്നവർ ബാലുശേരി രജിസ്റ്റാർ ഓഫിസിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
എന്നാൽ ചീടിക്കുഴി തലയാട് പ്രദേശത്ത് താമസിക്കുന്നവർ കട്ടിപ്പാറ വില്ലേജിൽ നികുതി അടക്കുന്നതിനാൽ ഭൂമി വിൽക്കുമ്പോഴും വാങ്ങുമ്പോഴും വലിയ നിയമകുരുക്കുകൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാന്തലാട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നിരവധി തവണ റവന്യൂ അധികൃതർക്ക് നിവേദനങ്ങൾ നൽകുകയും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാകലക്ടർ തഹസിൽദാർ എന്നിവർക്ക് നിവേദനങ്ങൾ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ താമസിക്കുന്ന വില്ലേജിൽ നികുതി അടക്കാനുള്ള ഉത്തരവുണ്ടായെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നടപ്പാക്കാനായിട്ടില്ല.
കാന്തലാട് വില്ലേജിലെ 8.73 ഹെക്ടർ സ്ഥലം കട്ടിപ്പാറ വില്ലേജിലേക്കും കട്ടിപ്പാറ വില്ലേജിലെ 127.19 ഹെക്ടർ സ്ഥലം കാന്തലാട് വില്ലേജിലേക്കും മാറ്റിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.
വില്ലേജുകൾ മാറി എത്തിയവരുടെ രേഖകൾ കംപ്യൂട്ടറൈസ് ചെയ്യുകയും ആധാറുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന നടപടികൾ വൈകുന്നതാണ് നികുതിദായകർക്ക് ദുരിതമായത്.
വില്ലേജ് ഓഫിസിൽ നടക്കേണ്ട പ്രവൃത്തികൾക്ക് ആക്കം കൂട്ടാനായി കുടുംബങ്ങളെ കണ്ടെത്തി ആധാരം, നികുതിശീട്ട്, ആധാർ കാർഡ് എന്നിവ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കി അതാത് വില്ലേജുകളിൽ നൽകാൻ ആവശ്യമായ നടപടികൾ കാന്തലാട് മേഖല കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
കർഷക സംഘം മേഖല പ്രസിഡന്റ് പി. ഉസ്മാൻ, വി.വി. വിജയൻ, ബീന മനോജ്, ഷമീറ അബ്ദു, അബ്ദു നടുക്കണ്ടി എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.