പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്കകം കണ്ടെത്തി
text_fieldsശ്യാംകുമാർ, ഡെൽവിൻ കുര്യൻ, സഹലുൽ റഹ്മാൻ, മുഹമ്മദ് അൻഷിദ്, ജുനൈസ്
കോഴിക്കോട്: പൊലീസ് ചമഞ്ഞെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. ട്രാവൽ ഏജൻസി മാനേജർ ബേപ്പൂർ സ്വദേശി ബിജുവിനെയാണ് കഴിഞ്ഞദിവസം പുലർച്ചെ തട്ടിക്കൊണ്ടുപോയത്. ഉച്ചയോടെ, മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് ഇയാളെ കണ്ടെത്തിയ കസബ പൊലീസ് സംഭവത്തിലെ പ്രതികളായ ആലപ്പുഴ സ്വദേശി ശ്യാംകുമാർ, വയനാട് സ്വദേശി ഡെൽവിൻ കുര്യൻ, വളാഞ്ചേരി സ്വദേശി മുഹമ്മദ് അൻഷിദ്, കരുവാരക്കുണ്ട് സ്വദേശികളായ സഹലുൽ റഹ്മാൻ, ജുനൈസ് എന്നിവരെ അറസ്റ്റ് ചെയ്തു.
ചിന്താവളപ്പിൽ പ്രവർത്തിക്കുന്ന കെ.പി ട്രാവൽസിലെ മാനേജരായ ബിജുവിനെ പുലർച്ചെ പൊലീസ് ചമഞ്ഞെത്തിയ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച് വാഹനം സഞ്ചരിച്ച സ്ഥലങ്ങളും മൊബൈൽ ഫോൺ നമ്പർ ലൊക്കേഷനും മനസ്സിലാക്കിയ പൊലീസിന്, പ്രതികൾ ബിജുവിനെയുംകൊണ്ട് മലപ്പുറത്തേക്ക് കടന്നതായി വ്യക്തമായി. അന്വേഷിച്ചപ്പോൾ പ്രതികൾ ബിജുവിനെ കരുവാരക്കുണ്ടിൽ ഒരു കടക്കുള്ളിൽ ബന്ദിയാക്കിയെന്ന് ബോധ്യപ്പെട്ടു. തുടർന്ന്, സ്ഥലത്തെത്തി പ്രതികളെ പിടികൂടി ബിജുവിനെ മോചിപ്പിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഒന്നാംപ്രതി ശ്യാം കുമാറിന് ബിജു ആറുലക്ഷം രൂപ നൽകാനുണ്ടെന്നും ഇതാണ് കാരണമെന്നുമാണ് പറയുന്നത്. പ്രതികളെ രാത്രിയോടെ, കോഴിക്കോട്ട് എത്തിച്ചു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

