എപ്പോഴും തകരാമെന്ന പേടിയുയർത്തി കുടിവെള്ള ടാങ്ക്
text_fieldsപൂളാടിക്കുന്ന് ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക്, ടാങ്കിന്റെ തൂണുകൾ ദ്രവിച്ച നിലയിൽ
കോഴിക്കോട്: പൂളാടിക്കുന്ന് ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് എപ്പോഴും പൊളിയുമെന്ന ഭീതിയിൽ. 20ലേറെ പില്ലറുകളിൽ അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കാണ് പൊട്ടിപ്പൊളിഞ്ഞത്. അപകടം സംഭവിച്ചാൽ ഭയാനക പ്രത്യാഘാതമാണുണ്ടാവുക. തൊട്ടടുത്ത 20ലേറെ വീട്ടുകാർ തീതിന്ന് കഴിയുകയാണ്. സ്കൂളിനോട് ചേർന്ന് എൽ.പി സ്കൂളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. ദേശീയപാത ബൈപാസടക്കം അപകടത്തിലാവും. 40ലേറെ കൊല്ലം പഴക്കമുള്ള ടാങ്കിലും പില്ലറിലുമെല്ലാം വിള്ളലുണ്ട്. തൊട്ടടുത്തുള്ള എൽ.പി സ്കൂൾ ഭാഗത്തേക്കാണ് വിള്ളൽ അധികമുള്ളത്.
12 കൊല്ലം മുമ്പ് പൊട്ടിപ്പൊളിഞ്ഞപ്പോൾ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അധിക താങ്ങായി പുതിയ പില്ലറുകൾ സ്ഥാപിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. നാട്ടുകാർ ഒപ്പു ശേഖരിച്ച് അധികൃതരെ കാണാനുള്ള ശ്രമത്തിലാണിപ്പോൾ.
ജല അതോറിറ്റി അധികൃതരെ വിളിച്ച് പ്രശ്നം ചർച്ച ചെയ്യുമെന്ന് മേയർ ഡോ. ബീന ഫിലിപ് കഴിഞ്ഞ ദിവസം ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ കൗൺസിലർമാരായ വി.പി. മനോജിനും എടവഴിപ്പീടികയിൽ സഫീനക്കും ഉറപ്പ് നൽകിയിരുന്നു.
കുടിവെള്ള പ്രശ്നം പരിഹരിക്കാനായി 1980ലാണ് ടാങ്ക് നിർമിക്കാൻ അന്നത്തെ എലത്തൂർ പഞ്ചായത്ത് തീരുമാനിച്ചത്. മറ്റൊരു ടാങ്ക് എലത്തൂർ ചെട്ടികുളം വെറ്ററിനറി ആശുപത്രിക്കടുത്ത് ചരക്കുഴിയിലും പണിതു.
ഈ രണ്ട് ടാങ്കിൽനിന്നാണ് എലത്തൂർ മേഖലയിൽ കുടിവെള്ള വിതരണം. പൂളാടിക്കുന്ന് ടാങ്കിൽ നിന്നുള്ള പൈപ്പ് പെരുന്തുരുത്തി വഴി എലത്തൂരിലെത്തുന്നു. ഉപ്പുവെള്ള പ്രശ്നം രൂക്ഷമായ ഭാഗമാണ് എലത്തൂർ. ഇതേതുടർന്ന് അന്ന് എലത്തൂർ പഞ്ചായത്ത് നാട്ടുകാരുടെ സഹായത്തോടെ തലക്കുളത്തൂർ പഞ്ചായത്തിൽ പാവയിലിൽ സ്ഥലം ഏറ്റെടുത്ത് കുടിവെള്ള പദ്ധതി സ്ഥാപിക്കുകയായിരുന്നു.
പമ്പ് ഹൗസും കിണറും പാവയിലിൽ സ്ഥാപിച്ചു. ഉപ്പുവെള്ളം തടയാൻ പാവയിലിൽ ചീപ്പ് കെട്ടിയതിനടുത്താണ് പമ്പ് ഹൗസും കിണറും. എന്നാൽ ജപ്പാൻ പദ്ധതി വന്നതോടെ ടാങ്കിലേക്ക് പെരുവണ്ണാമൂഴിയിൽനിന്നുള്ള വെള്ളമെത്തിത്തുടങ്ങി. പാവയിൽ ഭാഗത്തേക്കുള്ള കണക്ഷനും മറ്റും ഇപ്പോൾ ഒഴിവാക്കിയിരിക്കയാണ്.
52 ലക്ഷം ലിറ്ററിന്റെ ടാങ്ക് വെറുതെ കിടക്കുന്നു
നഗരത്തിൽ എലത്തൂർ മേഖലയിൽ ജപ്പാൻ കുടിവെള്ളമെത്തിക്കാനായി തലക്കുളത്തൂർ പഞ്ചായത്തിലെ സ്റ്റീഫൻ കുന്നിൽ 52 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമിച്ച് ഉപയോഗിക്കാതെ കിടക്കുന്നു. മുക്കം കടവിന്റെ കിഴക്ക് ഭാഗത്താണ് ഇത്. ടാങ്കിൽ നിന്ന് നഗരത്തിലേക്ക് വെള്ളം കൊണ്ടുവരാൻ പൈപ്പിടാനുള്ള സ്ഥലം കിട്ടാത്തതാണ് പ്രശ്നം.
സ്വകാര്യ വ്യക്തിയുടേതാണ് സ്ഥലം. 125 മീറ്റർ മാത്രമേ സ്ഥലം ആവശ്യമുള്ളൂവെങ്കിലും വിട്ടുകൊടുക്കുന്നതിനെതിരെ ഹൈകോടതിയിൽ നിന്ന് ഉടമ സ്റ്റേ വാങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ സ്ഥലം അക്വയർ ചെയ്യാനാണ് കോർപറേഷൻ തീരുമാനമെന്ന് കൗൺസിലർ വി.പി. മനോജ് പറഞ്ഞു. പ്രാഥമിക നടപടികൾ പൂർത്തിയായി.
സ്ഥലം ലഭിച്ചാൽ റോഡ് വഴി പൂളാടിക്കുന്നിൽ വെള്ളമെത്തിക്കാനാവും. സ്റ്റീഫൻകുന്നിൽനിന്ന് വെള്ളമെത്തിക്കാനായാൽ പൂളാടിക്കുന്നിലെ പൊട്ടിപ്പൊളിഞ്ഞ ടാങ്കിനെ ആശ്രയിക്കുന്നത് പരിധിവരെ ഒഴിവാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

