പുതുവത്സരത്തിൽ കോഴിക്കോട് നഗരത്തിന് പുതിയ പഴം, പച്ചക്കറി മാർക്കറ്റ്
text_fieldsകോഴിക്കോട്: നഗരത്തിൽ പുതിയ പഴം, പച്ചക്കറി മാർക്കറ്റ് നിർമാണം അവസാന ഘട്ടത്തിലേക്ക്. കല്ലുത്താൻകടവ് വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണമാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്. നഗരത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായിരുന്ന കല്ലുത്താൻ കടവ് കോളനിയിലെ കുടിലുകൾ കോർപറേഷൻ പൊളിച്ചുമാറ്റിയിരുന്നു.
ചേരി നിവസികൾക്ക് പുതിയ ഫ്ലാറ്റ് സമുച്ചയം സ്ഥാപിച്ച് അവരെ അങ്ങോട്ട് മാറ്റിയ ശേഷമാണ് ചേരി പൊളിച്ചത്. ഈ സ്ഥലത്ത് സ്വകാര്യ മുതൽമുടക്കോടെയാണ് പഴം, പച്ചക്കറി മാർക്കറ്റിന് സ്ഥലമൊരുക്കിയത്. കോളനിവാസികൾക്ക് 1.84 ഏക്കറിൽ 6,905 ചതുരശ്ര മീറ്ററിൽ എട്ടു നിലകളിൽ 12 കോടിയോളം രൂപ ചെലവിലുള്ള ഭവന സമുച്ചയം പണിതതിനുപിറകെ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ 52 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള പഴം, പച്ചക്കറി മാർക്കറ്റ് സ്ഥാപിക്കുന്നതാണ് കോർപറേഷൻ പദ്ധതി.
മാർക്കറ്റ് സ്വകാര്യ കമ്പനി 36 കൊല്ലവും ആറു മാസവും പരിപാലിച്ച് നഗരസഭക്ക് തിരികെ നൽകുന്ന വിധമായിരുന്നു കരാർ. നഗരസഭക്ക് ഓരോ കൊല്ലവും നിശ്ചിത തുക കമ്പനി നൽകണമെന്നും നിബന്ധനയുണ്ട്. കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടന സമയത്തുതന്നെ മന്ത്രി ടി.പി. രാമകൃഷ്ണൻ തറക്കല്ലിട്ട പുതിയ മാർക്കറ്റാണ് ഇപ്പോൾ അവസാന പണിയിൽ എത്തിയത്. 2019 ഡിസംബറിലാണ് ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി തുറന്നുകൊടുത്തത്.
പാളയത്തെ പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റിയശേഷം പാളയത്ത് പുതിയ കെട്ടിട സമുച്ചയം പണിയാനാണ് കോർപറേഷൻ പദ്ധതി. പാളയത്ത് ഡ്രീം സിറ്റി പദ്ധതി നടപ്പാക്കുമെന്ന് ഈ കൊല്ലത്തെ കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
പാളയം, മൗലാന മുഹമ്മദലി റോഡ്, ദേശീയപാത എന്നിവ ഉൾപ്പെടുത്തി സിറ്റി ഡെവലപ്മെന്റ് പ്രോജക്ടാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, പാളയത്തുനിന്ന് പഴം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ വ്യാപാരികൾക്ക് ആശങ്കയുണ്ട്. മൂന്നേക്കറോളം സ്ഥലത്ത് നഗരത്തിൽ പ്രവര്‍ത്തിക്കുന്ന പാളയം മാര്‍ക്കറ്റ് രണ്ടേക്കറോളം വരുന്ന കല്ലുത്താന്‍കടവിലേക്ക് മാറ്റിയാല്‍ നാലായിരത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് എതിർക്കുന്നവരുടെ വാദം.
ആയിരത്തോളം ചുമട്ടുതൊഴിലാളികൾ പാളയത്തുണ്ട്. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞുപോകുന്നവർ മാർക്കറ്റിൽ കയറുന്നത്, കല്ലുത്താൻ കടവിലേക്ക് മാറ്റിയാൽ ഇല്ലാതാവുമോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.