പൊലീസ് ചമഞ്ഞ് പിക്അപ്പും മൊബൈലും കവർന്ന അഞ്ചംഗ സംഘം അറസ്റ്റിൽ
text_fieldsകോഴിക്കോട്: പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി പിക് അപ്പും മൊബൈൽ ഫോണും പണവും കവർന്ന അഞ്ചംഗ സംഘം അറസ്റ്റിൽ.
ചെട്ടിപ്പടി ഉള്ളാണം സ്വദേശി വി.സി. ഷബീർ (ചാള ബാബു-38), പെരുമുഖം സ്വദേശി കെ. ധനീഷ് (കുട്ടാപ്പി-30), കരുവൻതുരുത്തി സ്വദേശിയും ഇപ്പോൾ കൊട്ടപ്പുറത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന കെ.എം. മുഹമ്മദ് മർജാൻ (31), ബേപ്പൂർ സ്വദേശിയും ഇപ്പോൾ വൈദ്യരങ്ങാടി വാടകക്ക് താമസിക്കുകയും ചെയ്യുന്ന പി.പി. മുഹമ്മദ് ഷിബിൻ (34), വൈദ്യരങ്ങാടി തെക്കേപ്പുറം സൽമാനുൽ ഫാരിസ് (21) എന്നിവരെയാണ് ഡി.സി.പി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. കർണാടകയിൽനിന്ന് വാഹനത്തിൽ തണ്ണിമത്തനുമായി വന്ന യുവാവ് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് വിൽപന നടത്തുന്നതിനിടെ ബൈക്ക് കുറുകെയിട്ട് തടഞ്ഞ് മൂന്നുപേർ വണ്ടിയിൽ കയറുകയും രണ്ടുപേർ ബുള്ളറ്റിൽ പിന്തുടരുകയും ചെയ്തു.
തുടർന്ന് വാഹനം പതിനൊന്നാം മൈലിനടുത്ത് ഹൊറൈസൺ കുന്നിൽ കൊണ്ടുപോയി ലഹരി വിരുദ്ധ സ്ക്വാഡായ ഡൻസാഫ് ആണെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് പറഞ്ഞതോടെ ക്രൂരമായി മർദിച്ച് വാഹനവും മൊബൈലും പണവും കവർന്ന ശേഷം യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാൾ ഫറോക്ക് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
സംഭവസ്ഥലത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. അന്വേഷണത്തിൽ വാഹനം രാമനാട്ടുകരക്കടുത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെടുത്തത്. വിശദ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ്.
ഷബീർ ചന്ദനമര മോഷണമടക്കം വിവിധ സ്റ്റേഷനുകളിലെ കേസിൽ പ്രതിയാണ്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്ന പൊലീസിനെ ഇരുമ്പു പാര കൊണ്ട് ആക്രമിക്കാനും ശ്രമിച്ചിരുന്നു. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമുമായി ഇയാൾക്ക് അടുത്ത ബന്ധമുള്ളതായും വാഹനം തമിഴ്നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും ചോദ്യം ചെയ്തതിൽ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണ്. മർജാൻ മുമ്പ് മയക്കുമരുന്ന് കേസിലുൾപ്പെട്ട് ജയിൽശിക്ഷയനുഭവിച്ചയാളാണ്. പരാതിക്കാരന് ലഹരിക്കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ.കെ. അർജുൻ, ഫറോക്ക് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി.ടി. സൈഫുല്ല, ബിനീഷ് ഫ്രാൻസിസ്, സുധീഷ്, യശ്വന്ത്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.