കോഴിക്കോട് അതിരൂപതയാവുന്നത് നൂറ്റാണ്ട് പിന്നിടുമ്പോൾ
text_fieldsകോഴിക്കോട് അതിരൂപതമെത്രാനായി അഭിഷിക്തനായ
ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ അറിയിക്കാനെത്തിയപ്പോൾ
കോഴിക്കോട്: നൂറ്റാണ്ട് പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തപ്പെടുന്നത്. 1923 ജൂണ്‍ 12നാണ് കോഴിക്കോട് രൂപത നിലവില്‍വന്നത്. ജന്മംകൊണ്ട് 102 വര്‍ഷമാവുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാനിൽനിന്നുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. അതിരൂപത പ്രഖ്യാപനം വന്നതോടെ പള്ളികളിൽ പ്രാർഥന നടന്നു.
1923ൽ പോപ് പയസ് പതിനൊന്നാമൻ മംഗലാപുരം രൂപതയിൽനിന്ന് മലബാർ ജില്ലയുടെ ഭാഗം വേർപെടുത്തിയാണ് കോഴിക്കോട് രൂപത രൂപവത്കരിക്കുന്നത്. അതുവരെ മൈസൂർ രൂപതയുടെ കീഴിലായിരുന്ന വയനാട് താലൂക്കും ഇതിനൊപ്പം ചേർത്തു. അങ്ങനെ രാജ്യത്തെ 25ാം രൂപതയായാണ് കോഴിക്കോട് നിലവിൽവന്നത്. കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, വൈത്തിരി, മാനന്തവാടി എന്നീ പ്രദേശങ്ങളായിരുന്നു അക്കാലത്തെ പ്രധാന കത്തോലിക്ക കേന്ദ്രങ്ങൾ. ഷൊർണൂർ, മലപ്പുറം, വെസ്റ്റ്ഹിൽ, ചാലിൽ, ധർമടം, തയ്യിൽ, പള്ളിക്കുന്ന്, കോളയാട് എന്നിവിടങ്ങളിൽ പ്രാർഥനാലയങ്ങളും ഉണ്ടായിരുന്നു. ആദ്യം നിയമിതനായത് ബിഷപ് ഡോ. പോൾ പെരിനി ആയിരുന്നു.
ആദ്യത്തെ 32 വർഷക്കാലം കോഴിക്കോട് രൂപതയെ സൊസൈറ്റി ഓഫ് ജീസസിന്റെ മംഗലാപുരം-കാലിക്കറ്റ് മിഷനെയാണ് ഏൽപിച്ചത്. എന്നാൽ, 1955 മേയ് 29ന് മംഗലാപുരം സ്വതന്ത്ര വൈസ് പ്രവിശ്യ സ്ഥാപിതമായി. തുടർന്ന് 1960 സെപ്റ്റംബർ 27ന് കേരളത്തിന്റെ സ്വതന്ത്ര വൈസ് പ്രവിശ്യ സ്ഥാപിക്കുംവരെ, കോഴിക്കോട് രൂപതയുടെ പ്രദേശം താൽക്കാലികമായി സൊസൈറ്റി ഓഫ് ജീസസിന്റെ മധുര പ്രവിശ്യയിലേക്ക് മാറ്റി. ബിഷപ് പോൾ പെരിനി (1923-1932), ബിഷപ് ലിയോ പ്രോസെർപിയോ (1938-1945), മിസ്ജി ആർ. പാൻക്രാറ്റിയസ് സനോലിൻ (1945-1948), ബിഷപ് ആൽഡോ മരിയ പാട്രോണി (1948-1980) എന്നിവരായിരുന്നു സൊസൈറ്റി ഓഫ് ജീസസിൽ ഉൾപ്പെട്ടിരുന്ന രൂപതയുടെ പുരോഹിതന്മാർ.
1980 സെപ്റ്റംബർ എട്ടിന് രൂപതയുടെ ചുമതല ഏറ്റെടുത്ത ഡോ. മാക്സ്വെൽ വി. നൊറോണയെ കോഴിക്കോട് ബിഷപ്പായി നിയമിച്ചതോടെ, രൂപതയുടെ ഭരണം രൂപത വൈദികരുടെ കൈകളിലേക്ക് മാറി. 2002 മേയ് 19ന് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി നിയമിച്ചു.
2012 ജൂൺ 10ന് ബിഷപ് വർഗീസ് ചക്കാലക്കൽ രൂപതയുടെ ഭരണം ഏറ്റെടുത്തു. ഇപ്പോൾ രൂപതയിൽ നൂറിലേറെ വൈദികരാണ് സേവനമനുഷ്ഠിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളക്കം ഇന്ന് രൂപതക്കുണ്ട്. ആരാധന ക്രമങ്ങൾ തദ്ദേശ ഭാഷയിലേക്ക് മാറ്റം വരുത്തുന്നതിലും എല്ലാ ആരാധന ക്രമ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും മുന്നിൽനിന്ന കോഴിക്കോട് രൂപതയാണ് ആദ്യമായി മറ്റുള്ളവർക്കുകൂടി മാതൃകയാവുന്ന തരത്തിൽ ബൈബിൾ കലോത്സവം ആരംഭിച്ചതും.
ശതാബ്ദി വർഷത്തിൽ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുകയും മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. വിദ്യാഭ്യാസ, ആതുര ശുശ്രൂഷ രംഗത്തെ രൂപതയുടെ പ്രവർത്തനവും മികച്ചതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.