ഭർതൃവീട്ടിൽ യുവതിയെ ക്രൂരമായി മർദിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsനാദാപുരം: ചാലപ്പുറത്തെ ഭർതൃവീട്ടിൽ യുവതിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഭർത്താവ് ചാലപ്പുറത്തെ പിലാവുള്ളതിൽ കുന്നോത്ത് ജാഫർ, സഹോദരങ്ങളായ ജസീർ, അമീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയത്.
ഭർതൃമാതാവിനും പിതാവിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മൂന്നിനാണ് ജാഫറിന്റെ ഭാര്യ വടകര കീഴൽ സ്വദേശിനി റുബീനയെ ചാലപ്പുറത്തെ ഭർതൃവീട്ടിൽവെച്ച് ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചതായി പരാതിയുയർന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് വസ്ത്രങ്ങൾ വലിച്ചുകീറുകയും ദേഹമാസകലം ബൂട്ടിട്ട് ചവിട്ടിപ്പരിക്കേൽപിക്കുകയും ചെയ്തതായി യുവതി പരാതിപ്പെട്ടിരുന്നു. മർദനത്തിൽ വലതു കണ്ണിന്റെ കാഴ്ചക്ക് തകരാർ സംഭവിച്ച റുബീന ഇപ്പോഴും ചികിത്സ തുടരുകയാണ്.
മർദനത്തിനുശേഷം രാത്രി വാഹനത്തിൽ കയറ്റി അപായപ്പെടുത്താൻ കൊണ്ടുപോകുന്നതിനിടെ വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഇവരെ മോചിപ്പിച്ചത്. പ്രതികളെക്കുറിച്ച് പരാതിയിൽ വ്യക്തമായി സൂചന നൽകിയിട്ടും നാദാപുരം പൊലീസ് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും നിസ്സാരവകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുകയാണെന്നും വ്യക്തമായ മൊഴി രേഖപ്പെടുത്താൻപോലും പൊലീസ് തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് റുബീനക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന, പി.എം. ബാലകൃഷ്ണൻ, കെ.പി.സി. തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഇതേതുടർന്ന് കേസന്വേഷണച്ചുമതല നേരത്തേ അന്വേഷണം നടത്തിയ അഡീ. എസ്.ഐയിൽനിന്ന് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിക്ക് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.