ക്ഷേത്രോത്സവത്തിനിടെ ബൈക്കും പണവും മോഷണം പോയി
text_fieldsകുന്ദമംഗലം: ക്ഷേത്രോത്സവത്തിന് വന്നവരുടെ ബൈക്കും പണവും മോഷണം പോയി. തിരക്ക് മുതലാക്കിയാണ് മോഷ്ടാക്കൾ മോഷണം നടത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. മനത്താനത്ത് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്നയാളുടെ സ്പ്ലെൻഡർ ബൈക്കും മറ്റൊരാളുടെ 18,000 രൂപയുമാണ് മോഷണം പോയത്.
വ്യാഴാഴ്ച രാത്രി ഒമ്പതിനും വെള്ളിയാഴ്ച പുലർച്ച ഒന്നിനും ഇടയിലുള്ള സമയത്താണ് ബൈക്ക് മോഷണം പോയത്. പെരുവഴിക്കടവ് സ്വദേശി വൈഷ്ണവ് കൊണ്ടുവന്ന ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. സുഹൃത്തിന്റെ ബൈക്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും ആ ബൈക്കാണ് മോഷ്ടിക്കപ്പെട്ടതെന്നും വൈഷ്ണവ് പറഞ്ഞു.
ഉത്സവത്തിനിടെ നടന്ന മറ്റൊരു മോഷണത്തിൽ മുണ്ടിക്കൽതാഴം സ്വദേശി ജൂബിലീഷ് കുമാറിന്റെ 18,000 രൂപയാണ് നഷ്ടപ്പെട്ടത്. നിർത്തിയിട്ട സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിൽനിന്നാണ് പണം മോഷ്ടിക്കപ്പെട്ടത്. ഇദ്ദേഹം വ്യാഴാഴ്ച വൈകീട്ട് 5.30നാണ് തന്റെ സ്കൂട്ടറിൽ ഉത്സവത്തിന് വന്നത്. സ്കൂട്ടർ റോഡരികിൽ നിർത്തിയിടുകയായിരുന്നു. തിരിച്ച് വീട്ടിലെത്തി തുറന്ന് നോക്കുമ്പോഴാണ് പണം മോഷ്ടിക്കപ്പെട്ടത് അറിയുന്നത്.
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടിലെ സി.സി.ടി.വി കാമറയിൽ വൈകീട്ട് 6.20ന് സ്കൂട്ടറിൽനിന്ന് രണ്ടുപേർ പണം മോഷ്ടിക്കുന്ന രീതിയിലുള്ള ദൃശ്യം ലഭിച്ചിട്ടുണ്ട്. വൈഷ്ണവും ജൂബിലീഷ് കുമാറും കുന്ദമംഗലം പൊലീസിൽ പരാതി നൽകി. പ്രതികൾക്കായി സമീപത്തെ സി.സി.ടിവിയും മറ്റും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. കിരൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

