80 ശതമാനം സ്റ്റോക്കും തീർന്നു; ന്യായവില മെഡിക്കൽ ഷോപ് അടച്ചിടുമോ?
text_fieldsമെഡിക്കൽ കോളജ് ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്ന് സ്റ്റോക്കില്ലാതെ തട്ടുകൾ കാലിയായപ്പോൾ
കോഴിക്കോട്: മരുന്ന്, സർജിക്കൽ ഉപകരണങ്ങളുടെ വിതരണം നിർത്തിയുള്ള വിതരണക്കാരുടെ സമരം പത്താംദിനത്തിലെത്തിയപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യായവില മെഡിക്കൽ സ്റ്റോർ അടച്ചിടലിന്റെ വക്കിൽ. മരുന്ന് സ്റ്റോക്ക് 80 ശതമാനവും തീർന്നു. ന്യായവില മെഡിക്കൽ സ്റ്റോറിന്റെ തട്ടുകൾ കാലിയായിക്കിടക്കുകയാണ്.
മരുന്നും സർജിക്കൽ ഉപകരണങ്ങളും കിട്ടാതെ ചികിത്സക്കായി രോഗികൾ നോട്ടോട്ടമോടുന്ന കാഴ്ചയാണ്. പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തര ഇടപെടൽ നടത്താത്തത് വ്യാപക ആക്ഷേപത്തിന് ഇടയാക്കുകയാണ്. ജില്ലയിലെ രണ്ടു മന്ത്രിമാരും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തത് അപലപനീയമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ശനിയാഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്കുമാർ മരുന്ന് വിതരണക്കാരുമായി ചർച്ച നടത്തി.
കുടിശ്ശിക നികത്താനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും സെപ്റ്റംബർ വരെയുള്ള പണം ലഭിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിതരണക്കാർ. കനത്ത സാമ്പത്തിക ബാധ്യതയാണ് തങ്ങൾക്കുള്ളതെന്നും നിലവിലെ അവസ്ഥയിൽ വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്നും ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.കെ. സന്തോഷ് കുമാർ അറിയിച്ചു. തിങ്കളാഴ്ച മന്ത്രിയുമായുള്ള യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും അതിനുശേഷം ബന്ധപ്പെടാമെന്നും പ്രിൻസിപ്പൽ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഏപ്രിൽമുതൽ ഡിസംബർവരെയുള്ള കുടിശ്ശിക 80 കോടി കവിഞ്ഞതോടെയാണ് കഴിഞ്ഞ10 മുതൽ അസോസിയേഷൻ മരുന്ന് വിതരണം നിർത്തി സമരം തുടങ്ങിയത്. ഇതിനിടെ രണ്ടുതവണകളിലായി ഒന്നര മാസത്തെ കുടിശ്ശിക മാത്രമാണ് വിതരണക്കാർക്ക് അനുവദിച്ചത്. സൂപ്പർ സ്പെഷാലിറ്റി ചികിത്സക്കുള്ള മരുന്നുകളുടെ ക്ഷാമമാണ് രോഗികളെ പ്രതിസന്ധിയിലാക്കുന്നത്.
വലിയ വിലയുള്ള മരുന്നുകളും ഉപകരണങ്ങളും കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴി ന്യായവില മെഡിക്കൽ ഷോപ്പിലൂടെ ലഭിക്കുന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു. ഇത് ലഭിക്കാതായതോടെ നിരവധി പേർക്ക് ചികിത്സ മുടങ്ങി. അടിയന്തരമായി ചികിത്സ ലഭിക്കേണ്ടവർ ഭാരിച്ച തുക കണ്ടെത്താനുള്ള നോട്ടോട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

