Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടക്കാവിലെ...

നടക്കാവിലെ ചിക്കൻസ്റ്റാളിൽ 80 കിലോ ചത്ത കോഴി: കട അടച്ചുപൂട്ടി

text_fields
bookmark_border
നടക്കാവിലെ ചിക്കൻസ്റ്റാളിൽ 80 കിലോ ചത്ത കോഴി: കട അടച്ചുപൂട്ടി
cancel
camera_alt

ന​ട​ക്കാ​വി​ലെ കോ​ഴി​യി​റ​ച്ചി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ​നി​ന്നു

പി​ടി​കൂ​ടി​യ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ച​ത്ത കോ​ഴി​ക​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ വി.​എ​സ്. ശ്രീ​ഷ്മ

കോഴിക്കോട്: എരഞ്ഞിക്കലിൽ കടയിൽ ഇറച്ചിക്കോഴികളെ കൂട്ടമായി ചത്തനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ചിക്കൻ സ്റ്റാളുകളിൽ പരിശോധന കർശനമാക്കി നഗരസഭ ആരോഗ്യവിഭാഗം. വെള്ളയിൽ ഹെൽത്ത് സർക്കിളിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കാവിലെ കടയിൽ നടത്തിയ പരിശോധനയിൽ 80 കിലോ (രണ്ട് ബോക്സ്) ചത്ത കോഴികളെ കണ്ടെത്തി.

രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കടയിൽ ചത്ത കോഴികൾ മാത്രമാണുണ്ടായിരുന്നത്. ഇതിൽനിന്ന് വിൽപന നടത്തിയതായും സംശയമുണ്ട്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവിടെ ജോലിക്കുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥലംവിട്ടു.

ചത്ത കോഴികളിൽ ചിലതിനെ കോർപറേഷൻ വെറ്ററിനറി ഡോക്ടർ ശ്രീഷ്മ കടയിൽ വെച്ചുതന്നെ പോസ്റ്റ്മോർട്ടം നടത്തി. പരിശോധനയിൽ കോഴികൾ വളരെ നേരത്തേ ചത്തതാണെന്ന് വ്യക്തമായതായും കോഴികൾക്ക് ശ്വാസകോശ രോഗമുണ്ടായിരുന്നുവെന്നും ഡോ. ശ്രീഷ്മ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ വകുപ്പും ഇവിടെ പരിശോധന നടത്തി. കടയുടെ മാനേജറെ വിളിച്ചുവരുത്തി നഗരസഭ ആരോഗ്യവിഭാഗം അധികൃതർ നോട്ടിസ് നൽകി കടപൂട്ടി. തുടർ നിയമനടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വെള്ളയിൽ ഹെൽത്ത് സർക്കിളിന്റെ നേതൃത്വത്തിൽ മാത്രം രണ്ടു ദിവസത്തിനുള്ളിൽ 15 കടകളിലാണ് പരിശോധന നടത്തിയത്.

പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.ജി. സജീഷ്, കെ.ടി. ഷാജു എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച രാത്രി വൈകുംവരെ മൊത്തം 168 ചിക്കൻ സ്റ്റാളുകൾ പരിശോധിച്ചെന്നും 24 കടകൾക്ക് നോട്ടിസ് നൽകിയെന്നും രണ്ട് കടകൾ പൂട്ടാൻ നിർദേശം നൽകിയെന്നും ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽകുമാർ പറഞ്ഞു.

ചത്തകോഴികൾ; പരിശോധന ഊർജിതമാക്കും

കോഴിക്കോട്: നഗരത്തിൽ കോഴിക്കടകളിൽനിന്ന് വൻതോതിൽ ചത്തകോഴികളെ കണ്ടെത്തിയ സാഹചര്യത്തിൽ കോർപറേഷൻ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും മൃഗസംരക്ഷണവകുപ്പും ചേർന്ന് പരിശോധന ഊർജിതമാക്കും. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

എം.സി. അനിൽകുമാറിന്റെ അടിയന്തര ശ്രദ്ധക്ഷണിക്കലിനെ തുടർന്നാണ് തീരുമാനം. എരഞ്ഞിക്കൽ കടയിൽനിന്ന് രൂക്ഷ ഗന്ധമുയർന്നതിനെ തുടർന്ന് കൗൺസിലർ അറിയിച്ച പ്രകാരം നടത്തിയ പരിശോധനയിൽ 142 പെട്ടികളിൽ 3200 ഓളം കിലോ വരുന്ന 1500 ഓളം ചത്ത കോഴികളെയാണ് കണ്ടെടുത്തതെന്ന് ഹെൽത്ത് സൂപ്പർ വൈസർ പി. ഷജിൽ കുമാർ കൗൺസിലിനെ അറിയിച്ചു. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ബാക്ടീരിയ ബാധയുള്ളതായി കണ്ടു.

കോഴിമാലിന്യം നീക്കം ചെയ്യുന്ന ഫ്രഷ് കട്ട് എന്ന ഏജൻസിയെ വിളിച്ചുവരുത്തി ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടിയെടുത്തു. ഷവർമ ഉണ്ടാക്കാനുള്ള മെഷീനും കടയിൽ കണ്ടെത്തി. രാത്രിതന്നെ എല്ലാ ഹെൽത്ത് സർക്കിളിലും പരിശോധന നടത്താൻ നിർദേശം നൽകി.

അന്ന് രാത്രിതന്നെ 18 കടകളിൽ പരിശോധന നടത്തി. വെള്ളിയാഴ്ചവരെ മൊത്തം 165 സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടന്നു. ചത്തവയെ കണ്ടെത്തിയ കടകൾ അടച്ചുപൂട്ടി. ഉടമക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങി. എരഞ്ഞിക്കൽ കുറ്റം കണ്ടെത്തിയ സി.പി. റഷീദിന്റെ ഉടമസ്ഥതയിൽ നടക്കാവിലുള്ള കട വെള്ളിയാഴ്ച രാവിലെ പരിശോധിച്ചതിൽ രണ്ട് പെട്ടിയിൽ 80 കിലോവരുന്ന 40 ചത്ത കോഴികളെ കണ്ടെത്തി.

ഒരു കോഴിക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. പോസ്റ്റ്മോർട്ടം ചെയ്തതിൽ അണുബാധയുള്ളതായി കണ്ടെത്തി. ഈ കടകളും അടച്ചുപൂട്ടി. കോർപറേഷൻ ഒറ്റക്കുള്ള പരിശോധനക്ക് പകരം മൂന്ന് ഏജൻസികളും ചേർന്ന് തുടർച്ചയായി പരിശോധന നടത്തുകയാണ് ലക്ഷ്യം.

അസുഖം ബാധിച്ചവയെ കൊണ്ടുവരുന്നത് തടയാൻ നടപടിയുണ്ടാവും. വെള്ളം കിട്ടാതെ ഭക്ഷണം തൊണ്ടയിൽ കെട്ടിക്കിടന്ന് അണുബാധയുണ്ടായി ചത്തതെന്നാണ് നിഗമനമെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.

കർശനമായ നിയമനടപടികളെടുക്കാൻ സർക്കാറിനോട് കൗൺസിൽ ആവശ്യപ്പെടുന്നതായി മേയർ അറിയിച്ചു. കെ. മൊയ്തീൻകോയ, എടവഴിപ്പീടികയിൽ സഫീന, വി.പി. മനോജ്, എസ്.എം. തുഷാര, ടി. മുരളീധരൻ, അൽഫോൻസ മാത്യു, എൻ.സി. മായിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോട്ടും നിയമനവിവാദം

തിരുവനന്തപുരത്ത് താൽക്കാലിക നിയമനവിവാദമുണ്ടായ സാഹചര്യത്തിൽ കോഴിക്കോട് നഗരസഭയിലും താൽക്കാലിക പിൻവാതിൽ നിയമനം നടക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ഇക്കാര്യത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് ലീഗ് നേതാവ് കെ. മൊയ്തീൻകോയ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു.

പിൻവാതിൽ നിയമനം നടക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്നും കണ്ടെത്തിയാണ് മേയറുടെ നടപടി. കൗൺസിൽ യോഗത്തിൽ കരാർ നീട്ടിക്കൊടുക്കാനും താൽക്കാലിക നിയമനം നടത്താനുമുള്ള വിവിധ അജണ്ടകളിൽ യു.ഡി.എഫ് വിയോജിപ്പ് രേഖപ്പെടുത്തിയശേഷമാണ് പാസാക്കിയത്.

നിലവിൽ കരാർജീവനക്കാർ 95ഉം ദിവസവേതനക്കാർ 29ഉം മാത്രമാണെന്ന് മേയർ പറഞ്ഞു. പിൻവാതിൽ നിയമനം നടത്തിയെന്ന ആരോപണം തെറ്റാണ്. പത്രപരസ്യം നൽകിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുമാണ് കൗൺസിൽ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, ബി.ജെ.പിയിലെ ടി. റനീഷ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കല്ലായ് പാലം നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും

കല്ലായ് പാലത്തിന്റെ കൈവരി തകർന്നകാര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ കോർപറേഷൻ പൊതുമരാമത്ത് വകുപ്പിനെ സമീപിക്കും. പാലത്തിന്റെ അപകടാവസ്ഥയെപ്പറ്റി പരിശോധന നടത്തണമെന്ന് വകുപ്പിനോട് ആവശ്യപ്പെടും. എം.സി. സുധാമണിയാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. അടിയന്തരനടപടി വേണമെന്ന് പി.കെ. നാസറും ആവശ്യപ്പെട്ടു.

ജില്ല ആസ്ഥാനമായ കലക്ടറേറ്റിലെ അതിഗുരുതര മാലിന്യപ്രശ്നം പരിഹരിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് കോർപറേഷൻ കൗൺസിൽ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. എം.എൻ. പ്രവീൺ, വി. പ്രസന്ന എന്നിവരാണ് ഇതുസംബന്ധിച്ച് ശ്രദ്ധക്ഷണിച്ചത്. വിവിധ ഓഫിസുകളിലായി മൂവായിരത്തിലധികം ജീവനക്കാർ ഇവിടെ ജോലിചെയ്യുന്നുണ്ട്.

ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. ഹരിതമിഷന്റെ ഓഫിസടക്കം ഉണ്ടെങ്കിലും പലപ്പോഴും ജൈവ- അജൈവ മാലിന്യങ്ങൾ ഒരുമിച്ച് കൂട്ടിയിട്ട് കത്തിക്കുന്നു. ഇതിനായി ഉടൻ ജില്ല കലക്ടറേയും ആർ.ഡി.ഒയേയും ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കണമെന്ന ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിന്റെ നിർദേശം കൗൺസിൽ അംഗീകരിച്ചു.

മെഡിക്കൽ കോളജിലെ റിങ് റോഡ് മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള 12 മീറ്ററാക്കി മാറ്റണമെന്ന് കെ.സി. ശോഭിത ശ്രദ്ധക്ഷണിച്ചു. വാട്ടർ അതോറിറ്റി പൊതുടാപ്പ് കട്ടുചെയ്യുന്നതിനെപ്പറ്റി എൻ.സി. മോയിൻകുട്ടിയും ഓമന മധുവും ശ്രദ്ധക്ഷണിച്ചു. വി.കെ. മോഹൻദാസ്, വി.പി. മനോജ്, അൽഫോൻസ മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചു.

കോർപറേഷൻ ഓഫിസ് നവീകരണം

കോർപറേഷൻ ഓഫിസ് നവീകരിക്കാൻ മൂന്ന് പദ്ധതികളിലായി 7.41 കോടിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയതെന്നും മൊത്തം 15 കോടിയുടെ പ്രവൃത്തിയാണ് നടക്കുന്നതെന്നും മേയർ അറിയിച്ചു.2023വരെ കാലാവധിയുണ്ട്. എസ്.കെ. അബൂബക്കർ കൊണ്ടുവന്ന ചോദ്യങ്ങൾ അദ്ദേഹത്തിന്റെ അഭാവത്തിൽ എൻ.സി. സുധാമണിയാണ് കൗൺസിലിൽ ഉന്നയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chicken stalldead chicken
News Summary - 80 kg dead chicken in Nadakav chicken stall -Shop closed
Next Story