799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചു; 8.25 ലക്ഷം രൂപ പിഴ
text_fieldsകോഴിക്കോട്: തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് 8.25 ലക്ഷം രൂപ പിഴ ചുമത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവുപ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ക്യാരിബാഗുകൾ, ഗ്ലാസുകൾ, ഇയർ ബഡുകൾ, സ്പൂണുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ക്യു.ആർ കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് കോർപറേഷൻ, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയൽ, കുന്ദമംഗലം എന്നിവിടങ്ങളിലാണ് അസിസ്റ്റന്റ് ഡയറക്ടർമാരുടെയും ഇന്റേണൽ വിജിലൻസ് ഓഫിസർമാരുടെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധന നടത്തിയത്.
കല്യാണമണ്ഡപങ്ങൾ, ആശുപത്രികൾ, മാളുകൾ, വ്യാപാരസമുച്ചയങ്ങൾ, സ്കൂളുകൾ, വൻകിട വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. മാലിന്യ സംസ്കരണം, മലിനജലസംസ്കരണ പ്ലാന്റ് ഉൾപ്പെടെ സംവിധാനങ്ങൾ പരിശോധിച്ചു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിഴ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടക്കണം. ഒരാഴ്ചക്കകം പിഴ അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. തുടർപരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.