സൈബർ തട്ടിപ്പ് റൂറൽ ജില്ലയിൽ 64 കേസുകൾ രജിസ്റ്റർ ചെയ്തു; 19 പേർ അറസ്റ്റിൽ
text_fieldsവടകര: സൈബർ ഹണ്ട് ഓപറേഷന്റെ ഭാഗമായി പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് റൂറൽ ജില്ലയിൽ 64 കേസുകളിൽ 19 പേർ അറസ്റ്റിൽ. ഒമ്പതുപേർ നിരീക്ഷണത്തിൽ.15 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ബാങ്ക് അക്കൗണ്ട്, ചെക്ക്,എ.ടി.എം കാർഡ് എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് പൊലീസ് നടപടി ആരംഭിച്ചത്. കേരള സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് സൈബർ ഹണ്ട് ഓപറേഷൻ നടത്തിയത്.
ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡുകളെ നിയമിച്ചാണ് പരിശോധനയും അറസ്റ്റും നടത്തിയത്. ഇത്തരം കേസുകളിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്തി ഉടൻ നിയമ നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ടി. ഫറാഷ് പറഞ്ഞു.
സ്വന്തം ബാങ്ക് പാസ് ബുക്ക്, എ.ടി.എം കാർഡ് എന്നിവ മറ്റുള്ളവർക്ക് കൈമാറരുതെന്നും ചെക്ക് ബുക്കുകൾ ഉപയോഗിച്ച് അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് പണം പിൻവലിച്ച് നൽകരുതെന്നും സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും സഹായം നൽകുന്നവർക്കെതിരെയും തുടർ ദിവസങ്ങളിലും നടപടി ശക്തമാക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

