ആദ്യ ഓവർ ബ്രിഡ്ജിന് 60 കഴിഞ്ഞു; നന്നാക്കാൻ നടപടിയില്ല
text_fieldsറെയിൽവേ മേൽപാലം
കോഴിക്കോട്: നഗരത്തിലെ മേൽപാലങ്ങളും പാലങ്ങളും നന്നാക്കാൻ തുടങ്ങിയിട്ടും കോഴിക്കോട്ടെ ഏറ്റവും ആദ്യത്തെ ഓവർ ബ്രിഡ്ജ് നവീകരിക്കാൻ നടപടികളില്ല. കാലപ്പഴക്കമുണ്ടെങ്കിലും പഴയ രീതിയിലുള്ള നിർമിതിയുടെ ഉറപ്പിൽ നിൽക്കുകയാണ് 60 വയസ്സ് പിന്നിട്ട ഒന്നാം മേൽപാലം. റെയിൽവേ ട്രാക്കിന് മുകളിലൂടെയാണ് ആദ്യ ഓവർ ബ്രിഡ്ജ് വന്നത്.
39 വയസ്സ് കഴിഞ്ഞ സി.എച്ച് മേൽപാലമാണ് കോഴിക്കോട്ട് വാഹനങ്ങളും ട്രെയിനും അടിയിലൂടെ പോവുന്ന ആദ്യ മേൽപാലം. അത് നന്നാക്കി കഴിഞ്ഞ ദിവസം വീണ്ടും തുറന്നു. 30 വയസ്സു കഴിഞ്ഞ ഫ്രാൻസിസ് റോഡ് എ.കെ. ഗോപാലൻ മേൽപാലം നവീകരണം ഈ മാസം തുടങ്ങാനാണ് തീരുമാനം. കല്ലുത്താൻ കടവ്, മാങ്കാവ് പാലങ്ങൾക്കും പണം അനുവദിച്ചുകഴിഞ്ഞു.
എറ്റവും ഒടുവിൽ കോർപറേഷൻ പണിത മാവൂർ റോഡ് നായനാർ മേൽപാലം പൊതുമരാമത്ത് വകുപ്പിന് കൈമാറി നവീകരിക്കാനും നടപടിയായി. എന്നിട്ടും ഒന്നാം ഓവർബ്രിഡ്ജ് നന്നാക്കാൻ ശ്രമമില്ലെന്നാണ് പരാതി. കോഴിക്കോട്ടെ ആദ്യ മേയർ എച്ച്. മഞ്ജുനാഥറാവുവിന്റെ സാന്നിധ്യത്തിൽ 1963 ജൂൺ നാലിനാണ് അന്നത്തെ കേരള ഗവർണർ വി.വി. ഗിരി ആദ്യത്തെ മേൽപാലം ഉദ്ഘാടനം ചെയ്തത്. പിന്നീട് മൂന്നാം ഗേറ്റിലും ഫ്രാൻസിസ് റോഡിലും അഞ്ചാം ഗേറ്റിലും മാവൂർ റോഡിലും ബൈപാസിലുമടക്കം നിരവധി മേൽപാലങ്ങൾ വന്നുവെങ്കിലും ഒന്നാം പാലത്തിലെ തിരക്കു കുറഞ്ഞില്ല. ഇടക്ക് മലബാറിൽ റെയിൽവേ ലൈൻ വൈദ്യുതിവത്കരണത്തിന്റെ ഭാഗമായി പാലം ഉയർത്തിയത് മാത്രമാണ് കാര്യമായി നടന്ന പണി. പ്രവൃത്തി പൂർത്തിയായ ശേഷം പെയിന്റടിയും വൃത്തിയാക്കലും വേണ്ടവിധം നടന്നില്ല. ട്രെയിനിറങ്ങി നഗരത്തിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നത് വീതിയും സൗകര്യവുമില്ലാത്ത പഴയ പാലമാണ്.
പാലം അടച്ചിട്ടശേഷം ആധുനിക സംവിധാനങ്ങൾ വെച്ച് ഉയർത്തൽ പ്രവൃത്തി നടക്കുമ്പോൾ നഗരം ഗതാഗതക്കുരുക്കിലായിരുന്നതിൽനിന്ന് ഇതുവഴിയോടുന്ന വാഹനങ്ങളുടെ ആധിക്യം വ്യക്തമാണ്. അടിയിലൂടെയുള്ള റെയിൽ ഗതാഗതം വൈദ്യുതിവത്കരിക്കാൻ കഴിഞ്ഞുവെങ്കിലും അന്നും പാലത്തിന് മുകളിലൂടെയുള്ള യാത്രക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നടപടിയുണ്ടായില്ല.
മുമ്പ് കിഴക്ക് ഭാഗം വഴി മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശനമുള്ളൂവെങ്കിൽ നാലാം പ്ലാറ്റ് ഫോം നവീകരിച്ചപ്പോൾ പടിഞ്ഞാറ് വലിയങ്ങാടി ഭാഗത്തും പ്രവേശന കവാടം വന്നു. വലിയങ്ങാടിക്കും കോടതികളിലേക്കും കടപ്പുറത്തേക്കും മാർക്കറ്റിലേക്കും കൊപ്രബസാറിലേക്കുമെല്ലാമുള്ള മുഖ്യ പ്രവേശന മാർഗമാണ് ഓവർ ബ്രിഡ്ജ്. പാലത്തിനിരുവശത്തും വികസനമേറെ വന്നിട്ടും പഴയ ഓവർ ബ്രിഡ്ജ് മാത്രം പഴയ വീതിയിൽ കുപ്പിക്കഴുത്തുപോലെ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

