Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:38 AM IST Updated On
date_range 9 March 2022 5:38 AM IST50 വർഷത്തോളം പഴക്കമുള്ള കനാൽ; ദുരന്തത്തിന് ഇനിയും സാധ്യത
text_fieldsbookmark_border
കുറ്റ്യാടി: 50 വർഷത്തോളം പഴക്കമുള്ള കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിൻകനാൽ പ്രധാന അറ്റകുറ്റപ്പണിക്ക് സമയമായിട്ടും നടത്തുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു. മരുതോങ്കരയിൽ മെയിൻ കനാൽ തകർന്നതിനെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ ചേർന്ന എം.എൽ.എമാരുടെയും ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ നാട്ടുകാരും ജനപ്രതിനിധികളും പരാതികൾ നിരത്തി. പെരുവണ്ണാമൂഴിയിൽനിന്ന് തുറന്നുവിടുന്ന വെള്ളം പാതിയും കനാൽ ചോർച്ച കാരണം നഷ്ടപ്പെടുകയാണെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. കനാൽപാലങ്ങളും ബ്രാഞ്ച് കനാലുമെല്ലാം വർഷങ്ങളായി ചോരുന്നതായും അദ്ദേഹം പറഞ്ഞു. കുറെ വർങ്ങളായി തൊഴിലുറപ്പുകാർ നടത്തിയിരുന്ന അറ്റകുറ്റപ്പണി ഈ വർഷം നടത്തിയിട്ടില്ല. അധികൃതർ അറ്റകുപ്പണി നടത്തുമ്പോൾ ആവശ്യമുള്ള സ്ഥലം ഒഴിവാക്കി തകർച്ചയില്ലാത്ത ഭാഗങ്ങളിലാണ് പ്രവൃത്തി നടത്താറ്. ഈ വർഷം അമിത തോതിലാണ് വെള്ളം തുറന്നുവിട്ടത്. കനാലിന്റെ കര തൊടുന്ന തരത്തിൽ വെള്ളം നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനാൽ സമ്മർദം കൂടിയാവാം കനാൽ തകർന്നത്. തിങ്കളാഴ്ച അർധരാത്രി തകർന്ന ഭാഗത്ത് കനാൽ ഭിത്തിക്ക് കോൺക്രീറ്റിങ് നടത്തിയിട്ടില്ല. അതിനു സമീപം വരെ പണി നടത്തിയിട്ടുണ്ട്. കുറുക്കൻ, മുള്ളൻപന്നി എന്നിവ സൈഡ് ഭിത്തിയിൽ മാളങ്ങൾ നിർമിക്കാറുണ്ട്. ഇതിലൂടെയും വെള്ളം ചോർന്നു പോകാറുണ്ട്. മെയിൻ കനാലിന്റെ താഴ്ഭാഗങ്ങളിൽ വെള്ളം ഇറങ്ങുന്നതിനാൽ കക്കൂസ് ടാങ്ക് പോലും നിർമിക്കാൻ കഴിയുന്നില്ല. സുരക്ഷ പരിശോധന നടത്താതെയാണ് കനാൽ തുറക്കുന്നത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി പ്രകാരം തുടർപ്രവൃത്തി അനുവദിക്കാത്തതിനാലാണ് തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് ഈ വർഷം അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പറഞ്ഞു. വലതുകര കനാൽ മൊത്തം അറ്റകുറ്റപ്പണിക്ക് ജലസേചന വകുപ്പ് 150 കോടി രൂപയുടെ പ്രോജക്ട് തയാറാക്കി അയച്ചിട്ടുണ്ട്. കനാൽ തകർച്ചയിൽ കൃഷി നഷ്ടപ്പെട്ടവർക്ക് പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാർട്ടി പ്രതിനിധികളായ കെ.ടി. മനോജൻ, വി.എം. ചന്ദ്രൻ, ടി.കെ. നാണു, കെ.പി. നാണു, റോബിറ്റ് പുതുക്കുളങ്ങര, എൻ.കെ. കുഞ്ഞബ്ദുല്ല, കെ.ടി. മുരളി, കർഷകരായ കേളോത്ത് കുഞ്ഞമ്മദ്, കുറ്റിയിൽ കൃഷ്ണൻ, കുളക്കാട്ടിൽ മൊയ്തു, കുറ്റിയിൽ രവീന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story