ജില്ലയിൽ നാളെ 43,904 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതും
text_fieldsകോഴിക്കോട്: തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽനിന്ന് 43,904 പേർ പരീക്ഷയെഴുതും. മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് 72. കോഴിക്കോട് 70. വടകര 64. ഏറ്റവും കുറവ് കേന്ദ്രങ്ങളുള്ള വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരിക്കുന്നത്, 16,022. കോഴിക്കോട് 12,688 കുട്ടികളും താമരശ്ശേരി 15,194 പേരും പരീക്ഷയെഴുതും.
ജില്ലയിൽ മൊത്തം ഏഴ് കുട്ടികൾ പ്രൈവറ്റായി പരീക്ഷ എഴുതുന്നു. ഭിന്നശേഷി വിഭാഗത്തിൽ 1500ലധികം കുട്ടികൾക്ക് ബോർഡ്സർട്ടിഫിക്കറ്റ് ലഭ്യമായതിനാൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ (1067) പരീക്ഷക്ക് ഇരുത്തുന്നത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളാണ്. ഏറ്റവും കുറവ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പറയഞ്ചേരി ഗവ. ഹൈസ്കൂളാണ്. വെറും ആറാളാണിവിടെ പരീക്ഷയെഴുതുക.
ചീഫ്, ഡെപ്യൂട്ടി ചീഫ്, ഇൻവിജിലേറ്റർമാരുടെ നിയമനം പൂർത്തിയാക്കി. ജില്ലയിൽ മൊത്തം 3000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകൾ പരീക്ഷാ ദിവസങ്ങളിൽ സെന്ററുകളിൽ എത്തിക്കുവാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മോണിറ്ററിങ് ഭാഗമായി ഡിപ്പാർട്ട്മെന്റ് തലത്തിലും പൊതു വിദ്യാഭ്യാസ ഡയറക്ടർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്.
എന്തു ബുദ്ധിമുട്ടും അപ്പപ്പോൾ അറിയിക്കണം
പൊതുപരീക്ഷ എഴുതുന്ന ജില്ലയിലെ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിക്കുന്നതായും ആശങ്കയോ പേടിയോ കൂടാതെ പരീക്ഷ അഭിമുഖീകരിക്കണമെന്നും എന്തു ബുദ്ധിമുട്ടുണ്ടായാലും അപ്പപ്പോൾ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കാൻ മറക്കരുതെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

