35കോടിയൊന്നും വേണ്ടെന്നേ, കൂടിയാൽ ആറുകോടി
text_fieldsകെ.എസ്.ആർ.ടി.സി ടെർമിനൽ
കോഴിക്കോട്: നഗരഹൃദയത്തിൽ അനിശ്ചിതാവസ്ഥയിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് കണക്കാക്കി ബാൾട്ടൺഹിൽ പഠനസംഘം കെ.ടി.ഡി.എഫ്.സിക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ കണ്ടെത്തിയ ബലക്ഷയം പരിഹരിക്കുന്നതിന് പരമാവധി ആറുകോടി രൂപ മതിയെന്നാണ് റിപ്പോർട്ടിന്റെ ചുരുക്കമെന്നാണ് വിവരം. 23ന് കേസ് ഹൈകോടതി പരിഗണിക്കുന്നതിനാൽ റിപ്പോർട്ടിന്റെ കോപ്പിയോ പൂർണ വിവരങ്ങളോ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ബാൾട്ടൺഹിൽ എൻജിനീയറിങ് കോളജ് അസി. പ്രഫ. സി.ജെ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനുമുമ്പ് കെട്ടിടം ബലപ്പെടുത്തുന്നതിൽ അന്തിമതീരുമാനത്തിലെത്താനുള്ള തിരക്കിട നീക്കമാണ് തലസ്ഥാനത്ത് നടക്കുന്നത്. വെള്ളിയാഴ്ച എസ്റ്റിമേറ്റ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തുടർനടപടി സംബന്ധിച്ചും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്തി. ജാക്കറ്റിങ്, കാർബൺ റാപ്പിങ് തുടങ്ങിയ മാർഗങ്ങളിലൂടെ കെട്ടിടം ബലപ്പെടുത്താമെന്നാണ് പഠനസംഘത്തിന്റെ നിർദേശം.
കെട്ടിടസമുച്ചയത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നും ബലപ്പെടുത്തുന്നതിന് 35 കോടി രൂപ ചെലവാകുമെന്നുമായിരുന്നു മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. കെ.ടി.ഡി.എഫ്.സി കെട്ടിടം ബലപ്പെടുത്തി നൽകുമെന്നായിരുന്നു പാട്ടക്കാരായ അലിഫിന് അന്നത്തെ മന്ത്രി ആന്റണി രാജു നൽകിയ വാഗ്ദാനം.
എന്നാൽ, സർക്കാരും കെ.ടി.ഡി.എഫ്.സിയും പിന്നീട് നിലപാട് മാറ്റുകയും അലിഫ് തന്നെ ബലപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതോടെയാണ് പാട്ടത്തിനെടുത്ത കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്ന് ആവശ്യപ്പെട്ട് അലിഫ് ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയം നിർണയിക്കാനും പരിഹരിക്കുന്നതിനുമുള്ള ചെലവ് നിശ്ചയിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കാൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു. ഒക്ടോബർ മൂന്നിന് കോഴിക്കോട്ടെത്തി പരിശോധന നടത്തിയ സംഘം മൂന്ന് ഘട്ടങ്ങളായാണ് റിപ്പോർട്ട് സമർപ്പിച്ചത്.
11 നിലകളിലായുള്ള ഇരട്ട ടെർമിനലിന് ഗുരുതരമായ ബലക്ഷയപ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. താഴെ നിലയിൽ സ്ലാബുകളിൽ വിള്ളലുകളുണ്ട്. മുകൾ നിലകളിൽ ചില ഭീമുകളിലും പ്രശ്നങ്ങളുണ്ട്. മറ്റുചിലഭാഗങ്ങളിലും സ്ലാബുകളിൽ പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരം കാണണം. എന്നാൽ, തൂണുകൾക്ക് കാര്യമായ പ്രശ്നങ്ങളുള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല. നിലവിലുള്ള കെട്ടിടസമുച്ചയം അതിന്റെ പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷിയുണ്ട്. എന്നാൽ, ഭൂമികുലുക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള ശേഷിയിൽ കുറച്ച് അപാകതൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഇനി കെട്ടിടം ബലപ്പെടുത്തുന്നതിനുള്ള ചെലവ് ആര് വഹിക്കുമെന്നതിൽ കോടതി തീരുമാനം വരുന്നതോടെ നഗരഹൃദയത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന കെട്ടിടത്തിന് ശാപമോക്ഷമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ പ്രശ്നം പരിഹരിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് തിരക്കിട്ട നീക്കങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

