ട്രെയിൻ ദുരന്തത്തിന് നാളെ 24 വയസ്സ്; ദുരന്തം മറക്കാതെ കടലുണ്ടി
text_fieldsകടലുണ്ടി: 52 പേരുടെ ജീവനെടുക്കുകയും 225 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കടലുണ്ടി ട്രെയിൻ ദുരന്തത്തിന് ഞായറാഴ്ച 24 വയസ്സ് പൂർത്തിയാകുന്നു. മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന മെയിൽ കടലുണ്ടി റെയിൽവേ പാലത്തിൽനിന്ന് പുഴയിലേക്ക് വീണ ദുരന്തം നടന്നത് 2001 ജൂൺ 22ന് വൈകീട്ട് 5.30നായിരുന്നു. രാജ്യത്തു നടന്ന മറ്റു ട്രെയിൻ ദുരന്തങ്ങളെ പോലെ കടലുണ്ടിയിലെ അപകടകാരണവും ഇതേവരെ പുറത്തുവന്നിട്ടില്ല.
കോച്ചുകൾ പാളം തെറ്റി തൂൺ തകർന്നായിരിക്കാം അപകടം സംഭവിച്ചതെന്നായിരുന്നു റെയിൽവേയുടെ പ്രാഥമിക നിഗമനം. കാലപ്പഴക്കം മൂലം സുരക്ഷിതമല്ലാതായ കോച്ചുകൾ ബന്ധമറ്റ് ട്രാക്കിൽ വീണ് തൂണ് തകർന്നാണ് ദുരന്തം സംഭവിച്ചതെന്നാണ് നാട്ടിൽ രൂപവത്കരിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തിയത്. ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ, യു. കലാനാഥൻ, സിവിക് ചന്ദ്രൻ എന്നിവരടങ്ങിയ കമ്മിറ്റി കണ്ടെത്തിയ അന്വേഷണ റിപ്പോർട്ട് റെയിൽവേ അധികൃതർ അവഗണിച്ചു. കൂടാതെ റെയിൽവേയുടെ ഗുരുതര വീഴ്ചയായിട്ടായിരുന്നു ദുരന്ത കാരണത്തെ സി.എ.ജിയും കണ്ടെത്തിയത്.
കടലുണ്ടി സ്റ്റേഷൻ കഴിഞ്ഞ് പാലത്തിലേക്ക് പ്രവേശിച്ച ട്രെയിനിന്റെ എൻജിൻ, സ്ലീപ്പർ, എ.സി ക്ലാസ് കോച്ചുകൾ ഉൾപ്പെടെ കടന്നുപോയശേഷം പിൻഭാഗത്തെ അഞ്ചു കോച്ചുകളാണ് പാളത്തിൽനിന്ന് വേർപെട്ടത്. ഫസ്റ്റ് ക്ലാസ് എ.സി കോച്ചുകളിൽ മൂന്നെണ്ണം ട്രാക്കിനും പുഴക്കുമിടയിൽ തൂങ്ങിനിൽക്കുകയും രണ്ടെണ്ണം പുഴയിൽ മുങ്ങിയ നിലയിലുമായിരുന്നു. പരിക്കേറ്റവർ ഉൾപ്പെടെ നഷ്ടപരിഹാരം ലഭിക്കാത്തവരായി ഇനിയുമുണ്ട്.
നടുക്കുന്ന ഓർമകളുമായി ഗോപാലകൃഷ്ണൻ
കൽക്കരി എൻജിൻ ട്രെയിനിൽ അപ്രന്റിസായി ജോലിയിൽ പ്രവേശിച്ച ഗോപാലകൃഷ്ണൻ ഡീസൽ എൻജിനിൽ രണ്ടു പതിറ്റാണ്ടുകാലം ലോക്കോ പൈലറ്റായിരുന്നു. വർഷങ്ങളോളം ചെന്നൈ മെയിലിൽ ലോക്കോ പൈലറ്റ്. ജോലിയിൽ കൃത്യനിഷ്ഠയായിരുന്നു ഗോപാലകൃഷ്ണന്റെ മുഖമുദ്ര. കടലുണ്ടി ദുരന്തം ഗോപാലകൃഷ്ണന്റെ മനസ്സിൽനിന്ന് മായുന്നില്ല. എൻജിനും കുറച്ചു കോച്ചുകളും വേർപെട്ട് പോന്നതിനു ശേഷമായിരുന്നു ഭീകരശബ്ദം കേൾക്കുന്നത്.
തിരിഞ്ഞുനോക്കിയപ്പോൾ പുഴയിലേക്ക് കൂപ്പുകുത്തിയും വീണും കിടക്കുന്ന കോച്ചുകൾ. ഒരു ഭാഗത്ത് യാത്രക്കാരുടെ നിലവിളി. എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുപോയ നിമിഷം. ദുരന്തം നടന്നതിന്റെ പിറ്റേ വർഷം ജോലിയിൽനിന്നു പിരിഞ്ഞു. ഒറ്റപ്പാലത്തിനടുത്ത് കോങ്ങാട് ഗോപിക വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് 83കാരനായ ഗോപാലകൃഷ്ണൻ.
ബാബുരാജനെ മറക്കുന്നതെങ്ങനെ
കടലുണ്ടി ട്രെയിൻ ദുരന്തത്തിനു ദൃക്സാക്ഷിയാവുകയും രക്ഷാപ്രവർത്തനത്തിനു ജീവൻ പണയംവെച്ച് നേതൃത്വം വഹിക്കുകയും ചെയ്ത കുമ്മിൽ ബാബുരാജനെ ജന്മനാടായ കടലുണ്ടിയും മറന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ നൽകിയ സാക്ഷ്യപത്രം മാത്രമാണ് മുതൽക്കൂട്ട്. ഷൊർണൂർ-മംഗലാപുരം റൂട്ടിൽ ഇരട്ടപ്പാത നിർമാണത്തോടനുബന്ധിച്ച് കടലുണ്ടിയിൽ മറ്റൊരു പാലം നിർമിക്കാൻ കരാറെടുത്ത കൊച്ചി ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായിരുന്നു ബാബു രാജൻ. വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന സമയത്തായിരുന്നു ട്രെയിൻ പുഴയിൽ വീണത്. ഉടൻ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു.
കോച്ചുകൾ വെട്ടിപ്പൊളിച്ചായിരുന്നു പലരെയും രക്ഷിച്ചതും മൃതദേഹങ്ങൾ പുറത്തെടുത്തതും. കൈ വെട്ടിമാറ്റി പോലും കോച്ചുകൾക്കുള്ളിൽ നിന്ന് പലരെയും ബാബു രാജൻ രക്ഷിച്ചു. കടലുണ്ടി നഗരം നാലകത്ത് ബീരാൻ കോയ, പുഴക്കൽ വേലായുധൻ, പുതുകുളങ്ങര നാരായണൻ, ആലപ്പുഴ തകഴി സ്വദേശി രാജു എന്നിങ്ങനെ ഉൾപ്പെടെ ഒട്ടേറെ പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

