19 ലക്ഷം തട്ടിയ കേസ്: അക്കൗണ്ടിലേക്ക് മാറ്റിയ പണം പ്രതി ഉടൻ പിൻവലിച്ചു
text_fieldsകോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ അസം സ്വദേശി ഉടൻ പണം പിൻവലിച്ചു. വൻ തുകയാണ് പിൻവലിച്ചത്. എന്നാൽ തുക എത്രയെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. പരാതിയിൽ കേസെടുത്ത പന്നിയങ്കര പൊലീസ്, കേന്ദ്ര ആഭ്യന്തര- ധന- ഐ.ടി വകുപ്പുകളുടെ ഏകോപനത്തിലുള്ള ഹെല്പ് ലൈൻ വഴി ബാങ്കിലേക്ക് നിർദേശം നൽകി ഈ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അതിനാലാണ് അക്കൗണ്ടിലേക്ക് മാറ്റിയ മുഴുവൻ തുകയും ഇയാൾക്ക് പിൻവലിക്കാൻ കഴിയാതിരുന്നത്.
തട്ടിപ്പിനിരയായ മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബി വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നയാളാണ് തട്ടിപ്പ് നടത്തിയ അസം സ്വദേശി. യൂനിയൻ ബാങ്കിലെ അക്കൗണ്ടിലുള്ള പണം യു.പി.ഐ വഴി ട്രാൻസ്ഫർ ചെയ്തയാളുടെ അക്കൗണ്ടിലും വീട്ടമ്മയുടെ പഴയ മൊബൈൽ നമ്പർ കണ്ടെത്തിയതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളുടെ അക്കൗണ്ട് വിവരങ്ങൾ പൂർണമായും വീണ്ടെടുത്തത്. പഴയ മൊബൈൽ നമ്പറിലേക്ക് വീട്ടമ്മയുടെ കുടുംബം വിളിച്ചയുടനെ മറ്റൊരു നമ്പറിൽനിന്ന് ഇയാൾ തിരിച്ചുവിളിച്ച് പൊലീസെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഇയാളുടെ ടവർ ലൊക്കേഷൻ മനസ്സിലാക്കിയ അന്വേഷണസംഘം അസം പൊലീസുമായി ബന്ധപ്പെട്ട് താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ഉടൻ അന്വേഷണസംഘം അസമിലേക്ക് പോകും. ഇതിനുള്ള അനുമതിക്കായി പന്നിയങ്കര ഇൻസ്പെക്ടർ കെ. ശംഭുനാഥ് നൽകിയ അപേക്ഷ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ പരിഗണനയിലാണ്. അനുമതി ലഭ്യമാക്കി തിങ്കളാഴ്ചയോടെയാവും അന്വേഷണസംഘം അസമിലേക്ക് പോകുക. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വീട്ടമ്മ ആറുവർഷം മുമ്പ് ഉപേക്ഷിച്ചെങ്കിലും ഇത് ബാങ്കിന്റെ രേഖകളിൽനിന്ന് ഒഴിവാക്കിയിരുന്നില്ല. ഇതാണ് തട്ടിപ്പിന് അവസരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

