വിവാഹവാഗ്ദാനം നൽകി അധ്യാപികയിൽനിന്ന് പതിനഞ്ച് ലക്ഷം തട്ടിയതായി പരാതി
text_fieldsImage courtesy: TOI
കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി അധ്യാപികയിൽനിന്ന് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ബിജുവിനെതിരെയാണ് കോട്ടൂളി സ്വദേശിനിയായ അധ്യാപിക മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
ഹയർസെക്കൻഡറി അധ്യാപികയായ ഇവർ നേരത്തെ വിവാഹമോചനം നേടി മകനൊപ്പമായിരുന്നു താമസം. തുടർന്ന് വീണ്ടും വിവാഹിതയാവുന്നതിന് മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകി. ഈ സൈറ്റിൽ വിവാഹ പരസ്യം നൽകിയ ബിജു അധ്യാപികയെ നേരിട്ട് ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നുവത്രെ.
തുടർന്ന് താനും നേരത്തെ വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ ആളാണെന്നും വിദേശരാജ്യങ്ങളിൽ വിവിധ ബിസിനസുണ്ടെന്നും പറഞ്ഞ് അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് അധ്യപികയുടെ മുൻ ബന്ധത്തിലുള്ള മകന് കോഴ്സിന് പ്രവേശനം വാങ്ങിനൽകാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷവും വിദേശത്തേക്ക് വിസ ശരിയാക്കാൻ, മാതാവിെൻറ ചികിത്സക്ക്, ബിസിനസ് ആവശ്യത്തിന് എന്നിങ്ങനെ പറഞ്ഞ് 15 ലക്ഷത്തിലേറെ രൂപ തട്ടിയെന്നാണ് പരാതി.
എറണാകുളം കളമശ്ശേരിയിൽ താമസിക്കുന്ന പ്രതിക്കെതിെര നേരത്തെയും സമാനപരാതികൾ ഉയർന്നിരുന്നു.