കോവിഡ് രോഗവ്യാപനം: കോഴിക്കോട് 12 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ
text_fieldsകോവിഡ് പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കാത്തുനിൽക്കുന്നവർ
കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ 12 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. െടസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 25 ശതമാനത്തിന് മുകളിലെത്തിയ കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ക്രിമിനൽ നടപടിക്രമം 144 പ്രകാരം ജില്ല കലക്ടർ എസ്. സാംബശിവറാവു നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിറക്കിയത്.
ഒരാഴ്ചക്കിടെയാണ് ഇവിടങ്ങളിലെ െടസ്റ്റ് പോസിറ്റിവിറ്റി ശരാശരി 25 ശതമാനത്തിന് മുകളിലെത്തിയത്. ഇവിടങ്ങളിൽ രോഗവ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടരുത്. വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി. ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിലെ ഇവൻറ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുകയും റാപ്പിഡ് റെസ്പോൺസ് ടീം, സെക്ടറൽ മജിസ്ട്രേട്ടുമാർ, പൊലീസ് എന്നിവരെ അറിയിക്കുകയും വേണം. അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല. അവശ്യ സർവിസുകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാവൂ.
12 ഗ്രാമപഞ്ചായത്തുകളിൽതൊഴിലും ഉപജീവനമാർഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ രാത്രി ഏഴുവരെ മാത്രമേ അനുവദിക്കൂ. രാത്രി ഒമ്പതുവരെ പാഴ്സൽ നൽകാം. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ആർ.ആർ.ടികളും സെക്ടറൽ മജിസ്ട്രേട്ടുമാരും ഉറപ്പുവരുത്തും. പ്രോട്ടോകോൾ ലംഘനം ഉണ്ടായാൽ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സ്ഥാപനം അടച്ചിടുകയോ അല്ലെങ്കിൽ, വിഷയത്തിെൻറ ഗൗരവമനുസരിച്ച് കൂടുതൽ നടപടി സ്വീകരിക്കുകയോ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

