ഭീഷണിക്കിടെ വന്ധ്യംകരിച്ചത് 12,000 തെരുവുനായ്ക്കളെ
text_fieldsകോഴിക്കോട്: ഗ്രാമ, നഗര വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ഭീഷണി തുടരുന്നതിനിടെ ജില്ലയിൽ വന്ധ്യംകരിച്ചത് 12,000ത്തോളം നായ്ക്കളെ. അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) വഴി കോർപറേഷൻ പരിധിയിലെ പൂളക്കടവ് സെൻററിൽ 11,000ത്തിൽപരവും ബാലുശ്ശേരി വട്ടോളി ബസാറിലെ സെന്ററിൽ എഴുനൂറിനടത്തും തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ വന്ധ്യംകരിക്കുകയാണ് ക്രിയാത്മക പോംവഴി എന്നാണ് പൊതുവിലയിരുത്തലെങ്കിലും വേണ്ടത്ര എ.ബി.സി സെന്ററുകളില്ലാത്തതാണ് ജില്ലയുടെ പ്രതിസന്ധി.
തെരുവുനായ് ഭീഷണി അതിശക്തമായതോടെ 2019 മാർച്ചിലാണ് പൂളക്കടവ് എ.ബി.സി സെന്റർ തുടങ്ങിയത്. ഈ സെന്റർ ആരംഭിക്കുന്നതിന് മുന്നോടിയായി 2018ൽ നഗരത്തിലെ തെരുവുനായ്ക്കളുടെ കണക്കെടുത്തപ്പോൾ 13,182 എണ്ണത്തിനെയാണ് കണ്ടെത്തിയത്. എന്നാൽ, സെൻറർ തുടങ്ങുമ്പോഴേക്ക് ഇവറ്റകളുടെ എണ്ണം കാൽലക്ഷത്തിനടുത്തെത്തിയതായാണ് അനുമാനം. സെന്റർ തുടങ്ങി നാലുവർഷം കഴിയുമ്പോൾ 11,000ത്തിൽ പരം നായ്ക്കളെ വന്ധ്യംകരിച്ചെങ്കിലും ഇതിന്റെ ഇരട്ടിയിലധികം ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്.
കോർപറേഷന്റെ 75 വാർഡുകളിലുള്ള നായ്ക്കളെ മാത്രമാണ് പൂളക്കടവിലെ സെന്ററിലെത്തിച്ച് വന്ധ്യംകരിക്കുന്നത്. അതിനിടെ ജില്ല പഞ്ചായത്ത് മുൻ കൈയെടുത്ത് ഗ്രാമീണമേഖലകളിൽ ഉൾപ്പെടെ കൂടുതൽ എ.ബി.സി സെന്ററുകൾ തുടങ്ങാൻ പദ്ധതി തയാറാക്കിയെങ്കിലും സ്ഥലം ലഭ്യമല്ലാത്തതാണ് വലിയ പ്രതിസന്ധി. ഒരു സെന്ററിന് പത്തുലക്ഷം രൂപ വീതമാണ് ജില്ല പഞ്ചായത്ത് നീക്കിവെച്ചതെന്ന് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാറിൽ സെന്റർ പ്രവർത്തനം തുടങ്ങിയതിനുപിന്നാലെ ചെങ്ങോട്ടുകാവ്, വടകര, കായക്കൊടി, പേരാമ്പ്ര എന്നിവിടങ്ങളിൽ സെന്ററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിൽ കായക്കൊടിയിൽ മാത്രമാണ് അനുയോജ്യമായ സ്ഥലം ലഭ്യമായത്. ഇവിടെ ഉടൻ സെന്റർ ആരംഭിക്കും.
പേരാമ്പ്രയിൽ സ്ഥലം കണ്ടെത്തിയതായി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു. ആവശ്യമായത്ര എ.ബി.സി സെന്ററുകൾ ആരംഭിക്കുകയും എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഷെൽട്ടറുകൾ ഒരുക്കാനും കഴിഞ്ഞാൽ നിശ്ചിത സമയ പരിധിക്കുള്ളിൽ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കാനാവുമെന്നാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഉൾപ്പെടെയുള്ള ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ നിലവിലുള്ള രണ്ട് സെന്ററുകൾ മുഖേനെ ദിവസവും ശരാശരി 25 വീതം നായ്ക്കളെയാണ് വന്ധ്യംകരിക്കുന്നത്. ഇത് നൂറെണ്ണം വീതമെങ്കിലും ആക്കിയാൽ മാത്രമേ ഈ രംഗത്ത് പുരോഗതി കൈവരിക്കാനാവൂ എന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.