പൊറാളി ക്വാറിക്കെതിരെയുള്ള സമരം 101 ദിവസം പിന്നിട്ടു; മുഖം തിരിച്ച് അധികൃതർ
text_fieldsപൊറാളി ക്വാറിക്കെതിരെ കായണ്ണ പഞ്ചായത്തോഫീസിനു മുന്നിൽ നടക്കുന്ന റിലേ സത്യഗ്രഹം പി. ടി. ജോൺ ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലെ പൊറാളി ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫിസിനു മുന്നിൽ നടത്തിവരുന്ന റിലേ സത്യഗ്രഹ സമരം 101 ദിവസം പിന്നിട്ടു. 101ാം ദിവസം പഞ്ചായത്ത് ഓഫിസിനു മുന്നിൽ റീത്തുവെച്ചാണ് കർമ സമിതി പ്രവർത്തകർ പ്രതിഷേധിച്ചത്. ഡൽഹി കർഷക പ്രക്ഷോഭ കേരള കോർഡിനേറ്റർ പി.ടി. ജോൺ ഉദ്ഘാടനം ചെയ്തു.
ഒരു പ്രദേശത്താകെ ദുരിതം വിതക്കുന്ന ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാതെ പഞ്ചായത്ത് ഭരണസമിതി ഒഴിഞ്ഞു മാറുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണാധികാരികൾ അറുപതോളം വീടുകൾക്കും കാറ്റുള്ളമല പള്ളിക്കും സ്കൂളിനും കേടുപാടുകൾ ഉണ്ടാക്കുന്ന ക്വാറി മാഫിയക്ക് ഒപ്പം നിൽക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാറ്റുള്ളമല ഇടവ വികാരി ഫാ. കുര്യക്കോസ് കൊച്ചുകൈപ്പേൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഐപ്പ് വടക്കെത്തടം, വി. ജെ. സെബാസ്റ്റ്യൻ, ടി.വി. ജോസ് എന്നിവർ സംസാരിച്ചു. ജോബി മ്ലാക്കുഴി, ജെയ്സൺ പുത്തൻപുര, ജോസഫ് തൊണ്ണംകുഴി, മനോജ് പൊട്ടൻപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

